ganesh-and-sasi

പി.കെ. ശശിയെ പോലെ സത്യസന്ധനും സ്നേഹനിധിയുമായ ഒരാളെ താന്‍ കണ്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. മണ്ണാര്‍ക്കാട് കോ–ഓപറേറ്റീവ് എജ്യൂക്കേഷനല്‍ സൊസൈറ്റിക്ക് സംസ്ഥാനത്തെ മികച്ച സഹകരണ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്കാരം ലഭിച്ചതിന്‍റെ വിജയോല്‍സവ ചടങ്ങിലാണ് മന്ത്രി ശശിയെ പുകഴ്ത്തിയത്. തരികിട പാര്‍ട്ടികളെയൊന്നും അടുപ്പിക്കുന്ന സ്വഭാവം തനിക്കില്ലെന്നും രാഷ്ട്രീയം നോക്കാതെ ആരെയും സഹായിക്കുന്ന ആളാണ് ശശിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധികളില്‍ പതറാതെ അതിനെ മറികടക്കാന്‍ ആര്‍ജവമുള്ള നേതാവാണ് ഗണേഷ് കുമാറെന്നും അത് ജനുസിന്‍റെ ഗുണമാണെന്നമായിരുന്നു പി. കെ ശശിയുടെ മറുപുകഴ്ത്തല്‍. 

sasi-kb-ganesh

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ.. 'അടുത്ത് നിന്ന് മനസ് പങ്കുവച്ചയാളെന്ന നിലയില്‍ പി.കെ. ശശിയെ പോലെ സത്യസന്ധനും സ്നേഹനിധിയുമായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. പാലക്കാട് എന്ത് കുടുംബ വഴക്കുണ്ടായാലും സ്വത്ത് തര്‍ക്കമുണ്ടായാലും ഞാനാദ്യം വിളിക്കുന്നതാരെയാ? പി.കെ ശശിയേട്ടനെ.. അദ്ദേഹം വിചാരിച്ചാല്‍ നടക്കും. സംസാരിച്ച് പരിഹരിക്കാന്‍ കഴിയും. ഒരഹങ്കാരത്തിന്‍റെ ഭാഷയില്ലാതെ, സ്നേഹത്തിന്‍റെ വഴിയില്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നെനിക്ക് തോന്നിയിട്ടുണ്ട്. ആ ഒരു സമവായം.. ഒരു പരിധിവരെ ഞാന്‍ മീഡിയേഷനിരിക്കാന്‍ പറ്റിയ ആളല്ല. എനിക്ക് കുറച്ച് കഴിയുമ്പോള്‍ മടുക്കും. ക്ഷമയോടെ ഇരുന്ന് ഓരോന്ന് പരിഹരിച്ച് കൊടുക്കാന്‍ പലരും എന്നെ വിളിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിക്കും. കൃത്യമായി അദ്ദേഹം സഹായിക്കും. അത് പൊലീസ് കേസാണെങ്കിലും എന്താണെങ്കിലും. 

 

അദ്ദേഹം എംഎല്‍എ അല്ലെങ്കില്‍പോലും എല്ലാക്കാര്യങ്ങളിലും സ്നേഹത്തോടെ ഒരു സമീപനമുണ്ട്. ആരാണ് വന്നത്? അവരുടെ രാഷ്രീയമെന്തെന്ന് അല്ല. അദ്ദേഹം പ്രസംഗിച്ചപ്പോള്‍ പറഞ്ഞു, ഇവിടെ ഇരിക്കുന്നവരുടെ രാഷ്ട്രീയം..ഈ വേദിയില്‍ ഇരിക്കുന്നവരുടെയും സദസില്‍ ഇരിക്കുന്നവരുടെയും രാഷ്ട്രീയം നോക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് വളരെ ശരിയാണ്. എംഎല്‍എ ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും അദ്ദേഹം രാഷ്ട്രീയം നോക്കാതെ സ്നേഹത്തിന് മുന്‍തൂക്കം നല്‍കി പാവങ്ങളെ സഹായിക്കുന്നതില്‍ മുന്നിലാണ് എന്നെനിക്കറിയാം. അതുകൊണ്ടാണ് ഞാനെന്‍റെ മനസില്‍ അദ്ദേഹത്തിന് ഒരു സ്ഥാനം കൊടുത്തത്. തരികിട പാര്‍ട്ടികളെയൊന്നും അടുപ്പിക്കുന്ന സ്വഭാവമെനിക്കില്ല. അതൊക്കെ തെറ്റിദ്ധാരണയാ..അദ്ദേഹം പറഞ്ഞതുപോലെ ഈ ചില ആളുകളെ പറ്റി പറയുമ്പോള്‍ മനുഷ്യന് ആകാംക്ഷ ഉണ്ടാകും. എന്താണ് അയാളെ പറ്റി പറയുന്നത്? ചാനലിലൊക്കെ കാണുമ്പോള്‍ അതൊരു അവസരമായി മാറിയിരിക്കുകയാണ്. നമുക്ക് റേറ്റിങുണ്ടെങ്കില്‍ നമ്മുടെ കാറ്റ് പോയത് തന്നെ. 

തരികിട പാര്‍ട്ടികളെയൊന്നും അടുപ്പിക്കുന്ന സ്വഭാവം എനിക്കില്ല. അതൊക്കെ തെറ്റിദ്ധാരണയാ

നന്‍മ ചെയ്യാന്‍ ഒരു മനുഷ്യന്‍ ഒരുങ്ങിയാല്‍ പിണ്ണാക്ക് കേസുകളുമായി വന്ന് അവനെ മെനക്കെടുത്താന്‍ നോക്കും. സത്യമല്ലേ.. പേരെടുത്ത ഒരുത്തനെപ്പറ്റി ഒരു പരാതി പറഞ്ഞാല്‍, പ്രസ്താവന കൊടുത്താല്‍ എല്ലാ പത്രത്തിലും അടിക്കും. കായൊള്ള മരത്തില്‍ കല്ലെറിഞ്ഞാലല്ലേ ആരാണ്ട് എറിഞ്ഞെന്ന് അറിയൂ.. അല്ലതെ പഴമില്ലാത്ത മരത്തില്‍ എറിഞ്ഞിട്ട് കാര്യമുണ്ടോ, ഏതോ ഒരുത്തന്‍ കല്ലു പെറുക്കി എറിയുന്നു ഭ്രാന്താണെന്ന് വിചാരിക്കും. ഇതൊരുതരം ഭ്രാന്താണ്. ഈയൊരു സ്ഥാപനത്തെ വളര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുന്ന പി.കെ ശശിയുടെ പ്രവര്‍ത്തനങ്ങള്‍ , അതിനെ കരിവാരിത്തേക്കാന്‍ വേണ്ടി നടത്തുന്ന ചില ശ്രമങ്ങള്‍, ആ ശ്രമങ്ങളില്‍ സത്യമില്ലെന്നാണ് ഞാന്‍ പറയുന്നത്. സത്യമേ ജയിക്കൂ. സത്യമേവ ജയതേയെന്നത് മുദ്രാവാക്യമായി വച്ചിരിക്കുന്ന രാജ്യമാണ് ഭാരതം. 

പി.കെ. ശശിയുടെ പടം കൊടുത്തിട്ട് അതനടിയില്‍ ഇദ്ദേഹത്തില്‍ വലിയ ഔഷധമൂല്യമൊന്നുമില്ല, പിഴിഞ്ഞാല്‍ കിട്ടുന്ന ഒന്നുമില്ല, അദ്ദേഹത്തെ വിട്ടേക്കൂ എന്നാണ് ശരിക്കും പറഞ്ഞാല്‍ വയ്ക്കേണ്ടത്. ഞാനിത് നേരത്തെ പറയുമായിരുന്നു നേരത്തെ.. എന്നില്‍ ഔഷധമൂല്യമൊന്നുമില്ല എന്നെനിക്ക് പറയാന്‍ പറ്റും. അതുകൊണ്ട് ഔഷധമൂല്യം ഉള്ളിടത്ത് പോയി പിടിക്കുക. കള്ളനെ ഇവിടെ ആര്‍ക്കും വേണ്ട, കൊള്ളക്കാരനെ ആര്‍ക്കും വേണ്ട,പിടിച്ചുപറിക്കാരനെ ആര്‍ക്കും വേണ്ട . ആരാണോ മുമ്പിലിരുന്ന് പിടിച്ചുപറിക്കാരനെ നോക്കി കള്ളാ.. കള്ളാ എന്ന് വിളിക്കുന്നത് അപ്പോ അവന്‍റെ പുറകേ പോവുകയാണ്. അഞ്ച് വിരലില്‍ നാല് വിരലും അവന്‍റെ നേരെ തന്നെ ചൂണ്ടുകയാണ്. അതോര്‍ത്താല്‍ നല്ലത് എല്ലാവരും. മിടുക്കന്‍മാരും സത്യസന്ധന്‍മാരുമെന്ന് അഭിനയിക്കരുത്. അത് അഭിനയിക്കാനുള്ളതല്ല. സത്യസന്ധനാണെന്നും മറ്റുള്ളവര്‍ പറയണം. അല്ലാതെ നമ്മളല്ല പറയേണ്ടത്'. 

ENGLISH SUMMARY:

PK Sasi is honest and loving , helps people irrespective of their politics.. Minister KB Ganesh Kumar praises CPM leader