തുടർച്ചയായി വിവാദങ്ങളിൽപ്പെട്ടിട്ടും ഇപിയെ സംരക്ഷിച്ച സിപിഎമ്മാണ് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ പേരിൽ ഇപ്പോൾ കൈവിട്ടിരിക്കുന്നത്. പ്രകാശ് ജാവദേക്കറുമായി ഇ.പി നടത്തിയ കൂടിക്കാഴ്ചക്ക് ന്യായീകരണവും പ്രതിരോധവും ഒരുക്കിയാൽ നല്ല സന്ദേശം ആയിരിക്കില്ല എന്ന തോന്നലാണ് വിവാദ തോഴനെ സിപിഎം കൈവിടാനുള്ള കാരണം.
സിപിഎമ്മിന്‍റെ ഏത് പ്രതിരോധാവസ്ഥയിലും കടന്നാക്രമണം നടത്തുന്ന നേതാവ്. സംസ്ഥാന സിപിഎമ്മിലെ പ്രബലൻ, പാർട്ടിയിൽ എന്തു നടക്കണമെന്ന് പോലും തീരുമാനിക്കാൻ കെൽപ്പുണ്ടായിരുന്ന ഇ.പി , കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് ദിവസം ഇങ്ങനെ പറഞ്ഞു. അല്ലെങ്കിൽ കുറ്റസമ്മതം നടത്തി. ആ കുറ്റം പാർട്ടിക്ക് പൊറുക്കാൻ കഴിയുന്നതുമായില്ല.
ദേശാഭിമാനി ജനറൽ മാനേജർ ആയിരിക്കെ ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിനിൽ നിന്ന് പരസ്യം വാങ്ങാൻ അനുമതി നൽകിയ ഇ.പി, മന്ത്രി ആയിരിക്കെയുള്ള ബന്ധു നിയമനം, രാജിവയ്ക്കേണ്ടി വന്നിട്ടും പാർട്ടി ഇ.പിയെ തൊട്ടില്ല. വൈദേകം റിസോർട്ടിന്‍റെ പേരിൽ അനിധികൃത സ്വത്തു സാമ്പാദനമെന്ന് ഇ.പിയ്ക്കെതിരെ ആരോപണം ഉയർത്തിയത് സംസ്ഥാന സമിതി അംഗമായ പി.ജയരാജനാണ് , അതിലും ഇ.പിയെ പാർട്ടി കൈ വിട്ടില്ല. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധവും പ്രകാശ് ജാവേദക്കറുമായുള്ള സൗഹൃദവും ഇങ്ങനെ കഴിഞ്ഞു പോവില്ലെന്ന് മുഖ്യമന്ത്രി തന്നെ ഇ.പി ക്ക് സൂചന നൽകിയതാണ്, നടപടി വൈകിയന്നെയുള്ളു. എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതു മുതൽ പാർട്ടിയുമായി തെറ്റി നിൽക്കുന്ന ഇ.പി അസംതൃപതിയുടെ കൂടാരത്തിലായിരുന്നു കഴിഞ്ഞ ഏറെ നാളായി.
അനുരഞ്ജനം നടത്താനുള്ള ശ്രമം മുഖ്യമന്ത്രി അടക്കം നടത്തിയിട്ടും വഴങ്ങിയില്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടി വാതിക്കൽ നിൽക്കെ ഇ.പിയ്ക്ക് ഒരു നിയന്ത്രണ രേഖ വരയ്ക്കാൻ സിപിഎം തീരുമാനിച്ചത് കണ്ണൂരിലടക്കം പാർട്ടിയുടെ നിലനിൽപ്പു കൂടി മുന്നിൽ കണ്ടാണ്. ബിജെപി കൂട്ടിന് പാർട്ടിയുടെ ശിക്ഷ ഏറ്റുവാങ്ങി ഇ.പി അടങ്ങി ഇരിക്കുമോ എന്നത് ഇനിയുള്ള രാഷ്ട്രീയ കൗതുകവുമാണ്.