പൊലീസിലെ ക്രിമിനലുകള്‍ക്കെതിരായ തന്‍റെ പരാതി ആഭ്യന്തര വകുപ്പ് പരിഗണിച്ചില്ലെങ്കില്‍ കോടതിയില്‍ പോകുമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. സുപ്രീംകോടതി വരെ പോകാന്‍ തയാറാണ്. കേരളത്തിലെ ഏറ്റവും വലിയ പ്രതിപക്ഷം എഡിജിപി എം.ആര്‍. അജിത്കുമാറാണെന്നും അന്‍വര്‍ മനോരമന്യൂസിനോട് പറഞ്ഞു. 

അജിത്കുമാര്‍ ആളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണമാണ് പി.വി. അന്‍വര്‍ എം.എല്‍എ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയത്. ദാവൂദ് ഇബ്രാഹിനെ കടത്തിവെട്ടുന്നതാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനമെന്നും വന്‍ അഴിമതിയാണ് നടക്കുന്നതെന്നും അന്‍വര്‍ ആരോപിക്കുന്നു. അജിത് കുമാറിന്‍റെ ഭാര്യയുടെ ചില ഫോണ്‍ കോളുകള്‍ ഞെട്ടിപ്പിക്കുന്നതെന്നും ഇപ്പോള്‍ അവരുടെ പേര് ഇപ്പോള്‍ വലിച്ചിഴയ്ക്കുന്നില്ലെന്നും ആവശ്യമുള്ളപ്പോള്‍ പറയാമെന്നും എം.എല്‍.എ പറഞ്ഞു.  സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുന്നത് ക്രൈം കണ്ടുപിടിക്കാനല്ലെന്നും പ്രധാന രാഷ്ട്രീയക്കാരുടെയും നേതാക്കളുടെയും കോളുകള്‍ ചോര്‍ത്താനാണെന്നും പി.വി.അന്‍വര്‍ തുറന്നടിച്ചു. 

അതേസമയം, എം.എല്‍.എയുടെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് ബിജെപി. മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരായ ആരോപണം അതീവ ഗുരുതരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥൻ എം ആർ അജിത് കുമാർ ക്രിമിനൽ ആണെന്ന  വെളിപ്പെടുത്തൽ നിസാരമെന്ന് തള്ളിക്കളയാനാവില്ലെന്നും ഇതില്‍ രാഷ്ട്രീയമാനത്തിനപ്പുറം ചിലതുണ്ടെന്നും എം.ടി രമേശ് പറഞ്ഞു.

ENGLISH SUMMARY:

If the complaint is not considered by the home department, will go to court, says PV Anwar MLA