എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ പി.വി. അന്‍വറിന്‍റെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ ആഭ്യന്തരവകുപ്പില്‍ തിരക്കിട്ട കൂടിയാലോചനകള്‍. നാട്ടകം ഗസ്റ്റ്്ഹൗസില്‍ ഡിജിപിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പി.വി.അന്‍വറിന്‍റെ ആരോപണങ്ങളില്‍ അന്വേഷണമാണ് ഉചിതമെന്ന് ഡി.ജി.പി മുഖ്യമന്ത്രിയെ അറിയിച്ചു.
പൊലീസിന്‍റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ അന്വേഷണം വേണമെന്നാണ് നിര്‍ദേശം. എഡിജിപി എം.ആര്‍.അജിത് കുമാറിനെയും മുഖ്യമന്ത്രിയെ കാണും. അജിത്കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചശേഷം ഡിജിപി വീണ്ടും മുഖ്യമന്ത്രിയെ കാണും. ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും അജിത്കുമാറിനെതിരെ അന്വേഷണം വേണോ എന്നതില്‍ തീരുമാനമെടുക്കുക. പിവി അന്‍വര്‍ പരാതി നല്‍കിയാല്‍ ഉന്നതസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പി.വി.അന്‍വറിന്‍റെ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് എം.ആര്‍.അജിത്കുമാറും. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കി. ആരോപണങ്ങള്‍ക്ക് പിന്നിലുള്ളതെന്തെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകം.
അതേസമയം, പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ എസ്. പി. സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കി. സര്‍വീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. പി.വി അന്‍വറുമായുള്ള സംഭാഷണം പൊലീസ് സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറും.