നിലമ്പൂരിൽ പി.വി അൻവറിനെതിരെ കൊലവിളി മുദ്രവാക്യം ഉയർത്തി സിപി എമ്മിന്‍റെ പരസ്യ പ്രതിഷേധം. എം.വി ഗോവിന്ദൻ ഒന്ന് ഞൊടിച്ചാൽ കൈയ്യും കാലും വെട്ടി ചാലിയാറിൽ എറിയുമെന്നായിരുന്നു മുദ്രാവാക്യം. മുഖ്യമന്ത്രിയെയും നേതാക്കളെയും പ്രതികൂട്ടിലാക്കിയ അൻവറിനെതിരെ കോഴിക്കോടും എടക്കരയിലും സിപിഎം പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
കൊലവിളി മുദ്രാവാക്യത്തിലൂടെ അൻവറിന് സിപിഎമ്മിന്‍റെ ഭീഷണി ഇങ്ങനെ..'ആരോടാണീ വെല്ലുവിളി? മര്യാദയ്ക്ക് നടന്നോളൂ.. സിപിഐഎം ഒന്നു പറഞ്ഞാല്‍, ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയ്യും കാലും വെട്ടിയരിഞ്ഞ് ചാലിയാര്‍ പുഴയില്‍ കൊണ്ടാക്കും.. ആരിത് പറയുന്നറിയാമോ'... എന്നിങ്ങനെ പോകുന്നു കൊലവിളി. നിലമ്പൂർ ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ അൻവറിന്‍റെ കോലവും കത്തിച്ചു.
കുഞ്ഞാലിയുടെ രക്തത്തില്‍ കുതിര്‍ന്ന ചെങ്കൊടി അന്‍വര്‍ തൊട്ടുകളിച്ചാല്‍ പൊറുക്കില്ലെന്നായിരുന്നു നേതാക്കളുടെ വാക്കുകള്‍. പാര്‍ട്ടിക്കെതിരായ ആക്രമണം വന്നാല്‍ പ്രതിരോധിക്കേണ്ടി വരുമെന്നും കുഞ്ഞാലിയുടെ മാതൃക പിന്തുടരാന്‍ തയ്യാറുള്ള ആയിരങ്ങള്‍ നിലമ്പൂരിലുണ്ടെന്നും സ്വര്‍ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് ചാഞ്ഞാല്‍ വെട്ടുക തന്നെ ചെയ്യുമെന്നും സിപിഎം നിലമ്പൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ഇ. പത്മാക്ഷന്‍ തുറന്നടിച്ചു.
വർഗ്ഗ വഞ്ചകരുടെയും ഒറ്റുകാരുടെയും സ്ഥാനം ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നു പ്രഖ്യാപിച്ചു കൊണ്ടായിരുന്നു സിപിഎം എടക്കര ഏരിയ കമ്മിറ്റിയുടെ പ്രതിഷേധം പ്രകടനം നടന്നത്. 'ഞങ്ങളാരും ഗാന്ധിയരല്ല, സഖാവ് പിണറായി ഒന്നു പറഞ്ഞാൽ ഖദറിട്ട അൻവറിന്റെ രൂപം നിലമ്പൂർ മണ്ണിൽ കാണില്ല' എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഇവിടുത്തെ പ്രകടനം.