ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ച ചെയ്യാതെ നിയമസഭ. ചര്‍ച്ച ആവശ്യപ്പെട്ട് കെ.കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കര്‍ തള്ളി. ഹൈക്കോടതിയിലുള്ള വിഷയമായതിനാല്‍ നോട്ടിസ് പോലും പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍. വിഷയം ചര്‍ച്ച ചെയ്യാത്തത് സഭയ്ക്ക് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ഇരകളുടെ പേര് പറഞ്ഞ് വേട്ടക്കാര്‍ക്ക് തണലൊരുക്കുന്ന നാണക്കേടിന്‍റെ പേരാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്ന് കെ.കെ രമ പറഞ്ഞു. 

സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങളും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ഉള്‍പ്പെടേയുള്ള ഗുരുതര വെളിപ്പെടുത്തലുകള്‍ ഉള്‍ക്കൊള്ളുന്ന ഹേമ കമറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ കെകെ രമ കൊണ്ടുവന്ന അടിയന്തര പ്രമേയം,  നോട്ടീസ് പോലും അവതരിപ്പിക്കാന്‍ അനുവദിക്കാതെ സ്പീക്കര്‍ തള്ളി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. സഭയ്ക്ക് പുറത്ത് സര്‍ക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചത് ഞെട്ടല്‍ ഉളവാക്കുന്നുവെന്ന് പറഞ്ഞ വി.ഡി.സതീശന്‍ നിയമസഭ കൗരവ സഭയായി മാറുന്നുവെന്നും വിമര്‍ശിച്ചു.

സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. അതുകൊണ്ടാണ് ചര്‍ച്ച അനുവദിക്കാത്തത്. റിപ്പോര്‍ട്ട് മൂടിവച്ച സര്‍ക്കാര്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇരകള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് മൊഴിനല്‍കാന്‍ തയ്യാറാകാത്തത്. ഇത് സ്ത്രീവിരുദ്ധ സര‍്ക്കാരാണ്. സര്‍ക്കാര്‍ നടപടി വഞ്ചനാപരമെന്നും കെ.കെ രമ എം.എല്‍.എ. സോളാര്‍ കേസുള്‍പ്പെടേ ഹൈക്കോടതിയുടെ പരിണനയിലുള്ള നിരവധി വിഷയങ്ങള്‍ നിയമസഭ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സ്പീക്കറുടെ നടപടി കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.  

ENGLISH SUMMARY:

Hema Committee report at Kerala Assembly