മുഖ്യമന്ത്രിയുടെ മകളും എക്സലോജിക് ഉടമയുമായ വീണാ വിജയന്‍റെ മൊഴി കഴിഞ്ഞ ബുധനാഴ്ച എസ്.എഫ്.ഐ.ഒ രേഖപ്പെടുത്തിയതില്‍ പ്രതിരോധം തുടര്‍ന്ന് സിപിഎം. പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയനെ വലിച്ചിടാനുള്ള നീക്കം അംഗീകരിക്കില്ലെന്നും കേരളത്തിലെ മാധ്യമങ്ങള്‍ ശുദ്ധ അസംബന്ധം എഴുതുന്നു, ഒരു മനഃസാക്ഷിക്കുത്തുമില്ലെന്നും ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളും എക്സലോജിക് ഉടമയുമായ വീണാ വിജയന്‍റെ മൊഴി കഴിഞ്ഞ ബുധനാഴ്ചയാണ് എസ്.എഫ്.ഐ.ഒ രേഖപ്പെടുത്തിയത്. ചെന്നൈയിലെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുക്കല്‍. എസ്.എഫ്.ഐ.ഒ കേസ് ഏറ്റെടുത്ത് 10 മാസത്തിന് ശേഷമാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. അതീവരഹസ്യമായാണ് എസ്.എഫ്.ഐ.ഒ മൊഴിയെടുക്കല്‍ നടത്തിയത്.
കെഎസ് ഐഡിസിക്ക് ഓഹരി പങ്കാളിത്തമുള്ള സിഎംആർഎൽ കമ്പനി, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ കെഎസ്ഐഡിസി ജനറൽ മാനേജരുടെ മൊഴി കഴിഞ്ഞ ദിവസം എസ്.എഫ്.ഐ.ഒ എടുത്തിരുന്നു. കെഎസ്ഐഡിസിയുടെ ചീഫ് ഫിനാൻസ് ഓഫിസർ കൂടിയായ കെ.അരവിന്ദാക്ഷന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. കെഎസ്ഐഡിസിയുടെ ഏതാനും സാമ്പത്തികവർഷങ്ങളിലെ റിപ്പോർട്ടുകൾ അടക്കമുള്ള രേഖകളും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഹാജരാക്കിയതായാണ് വിവരം.