പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചൂട് ദിവസവും ഏറിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ചയാണ് പ്രധാനപ്പെട്ട സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫ് സ്ഥാനാർഥി പി. സരിനും ഇന്നാണ് പത്രിക സമർപ്പിച്ചത്. 39 ലക്ഷം രൂപയാണ് യുഡിഎഫ് സ്ഥാനാർഥിയുടെ സ്വത്ത്. എൽഡിഎഫ് സ്ഥാനാർഥിയുടേതാകട്ടെ 20 ലക്ഷം രൂപയും. 

രാഹുൽ മാങ്കൂട്ടത്തിൽ അഥവാ രാഹുൽ ബി ആർ

രാഹുൽ മാങ്കൂട്ടത്തലിൻറെ ഔദ്യോഗിക പേര് രാഹുൽ ബി ആർ എന്നാണ്. കൈവശമുള്ള പണം 25,000 രൂപ. അമ്മയുടെ കയ്യിൽ 10,000 രൂപയാണുള്ളത്. ഒരു പവൻറെ ആഭരണമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കയ്യിലുള്ളത്. 55,000 രൂപയാണ് ഇതിന് കൽപിച്ച മൂല്യം. അമ്മയുടെ കയ്യിൽ 20 പവൻറെ സ്വർണമുണ്ട്. അങ്ങനെ ആകെ സ്വത്ത് 39,36,454 രൂപയുടേതാണ്. അടൂരിൽ 24 ലക്ഷം രൂപ വില മതിക്കുന്ന ഭൂമിയും രാഹുലിന്റെ പേരിലുണ്ട്.  അമ്മയുടെ ആകെ സ്വത്ത് 43,98,736 രൂപയാണ്

ചെറുകിട സംരംഭകൻ എന്ന നിലയ്ക്കാണ് രാഹുലിന്റെ വരുമാന സ്രോതസ്. പങ്കാളിത്തത്തിൽ കുട്ടികളുടെ വസ്ത്ര കട, മെഡിക്കൽഷോപ്പ് എന്നിവയുണ്ട്. സ്വന്തമായി ജെൻസ് ബ്യൂട്ടി പാർലറുണ്ട്. മിൽമയുടെ ഏജൻസിയും രാഹുലിൻറെ പേരിലുണ്ട്. രാഹുലിൻറെ ആകെ ബാധ്യത 2421226 രൂപയാണ്. 34 കാരനായ രാഹുലിന് ചരിത്രത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദമുണ്ട്. 

സരിന്‍റെ കയ്യിൽ 5,000 രൂപ

സരിൻറെ കയ്യിൽ ആകെയുള്ളത് 5,000 രൂപയാണ്. എച്ച്ഡിഎഫ്സി ബാങ്ക് തിരുവില്ലാമല ബ്രാഞ്ചിൽ 17,124 രൂപയുണ്ട്. 10 ലക്ഷത്തിൻറെ രണ്ട് എൽഐസി പോളിസിയാണ് മറ്റൊരു സ്വത്ത്. ആകെ 20,22,124 രൂപയുടെ സ്വത്താണ് സരിനുള്ളത്. സ്വർണം, മോട്ടോർ വാഹനങ്ങൾ എന്നിവ സരിന്റെ കയ്യിലില്ല. മെഡിക്കൽ ഡോക്ടർ എന്ന നിലയിലെ പെൻഷനാണ് വരുമാന മാർ​ഗം എന്നാണ് നാമനിർദ്ദേശ പത്രികയിൽ കാണിച്ചിരിക്കുന്നത്. ഭാര്യയുടെ ആകെ സ്വത്ത് 42,19,125 രൂപയാണ്. 

ENGLISH SUMMARY:

Rahul Mamkootathil has four income sources; Asset details in nomination papper.