പി.സരിനെ കിട്ടിയതോടെ പാലക്കാട്ട് എല്‍.ഡി.എഫിന്റെ സാധ്യത കൂടിയതായി മുന്‍ ഡിസിസി പ്രസിഡന്റ് എ.വി.ഗോപിനാഥ്. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയില്‍ ദു.ഖമുണ്ടെന്നും ഒറ്റക്കെട്ടായി മല്‍സരത്തെ നേരിട്ടിരുന്ന കാലം കഴിഞ്ഞെന്നും ഗോപിനാഥ് പറഞ്ഞു. വിമത ശബ്ദമുയര്‍ത്തിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്തായ മുന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി എ.കെ.ഷാനിബ് ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി.
സ്വതന്ത്രനായി മല്‍സരിക്കാനുറച്ച് പിന്നീട് സരിനെ പിന്തുണയ്ക്കുമെന്നറിയിച്ച ഷാനിബ്, ഗോപിനാഥിനെ പെരിങ്ങോട്ടുകുറിശ്ശിയിലെ വീട്ടിലെത്തിയാണ് കണ്ടത്. പാലക്കാട്ടെ സ്വാധീനത്തില്‍ കിട്ടാവുന്ന പരമാവധി വോട്ടുകള്‍ ഇടതിന് അനുകൂലമാക്കാന്‍ സഹായിക്കണമെന്നായിരുന്നു ആവശ്യം. സരിന് നല്ല സാധ്യതയെന്ന് ഗോപിനാഥ് പറഞ്ഞു.
സരിന്‍ നല്ല സ്ഥാനാര്‍ഥിയാണ്. നല്ല രാഷ്ട്രീയ ഭാവിയുണ്ടെന്നും എ.വി.ഗോപിനാഥ് പറഞ്ഞു. ജയിച്ചാലും തോറ്റാലും എല്‍.ഡി.എഫിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന വ്യക്തിയാണ്. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് വളരെ സങ്കടം തോന്നുന്ന സ്ഥിതിയാണെന്നും ഗോപിനാഥ് പറഞ്ഞു.
കോണ്‍ഗ്രസുകാരനായി തന്നെ തുടര്‍ന്ന് പോരാടുമെന്ന് ഷാനിബും വ്യക്തമാക്കി. കോണ്‍ഗ്രസുകാരനായി തന്നെ തുടരും. അങ്ങനെ പോരാടി കോണ്‍ഗ്രസിലെ തെറ്റുകളെ പുറത്ത് കൊണ്ട് വരാന്‍ ശ്രമിക്കും. സരിന് വേണ്ടി പരസ്യമായി പ്രചരണത്തിന് ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാനിബ് പ്രതികരിച്ചു.
സരിന് വേണ്ടി നേരിട്ട് പ്രചരണത്തിന് ഇറങ്ങുമെന്ന് ഷാനിബ് നേരത്തെ അറിയിച്ചിരുന്നെങ്കിലും പൊതുവേദിയില്‍ പങ്കെടുത്തുള്ള പ്രചരണത്തിനില്ലെന്നാണ് ഷാനിബിന്റെ നിലപാട്.