divya-cpm

കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇനിയുമൊരു  പരീക്ഷണത്തിന് നില്‍ക്കാതെ ഉടന്‍ കീഴടങ്ങണമെന്ന് പി.പി ദിവ്യയ്ക്ക് സിപിഎം നിര്‍ദേശം. നവീന്‍ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണെന്ന് പാര്‍ട്ടി ആവര്‍ത്തിക്കുമ്പോഴും ദിവ്യ അറസ്റ്റ് ചെയ്യപ്പെടാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയെന്ന് സിപിഎമ്മിനെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. കണ്ണൂരിലെ രഹസ്യകേന്ദ്രത്തില്‍ തന്നെയാണ് ദിവ്യ ഇപ്പോഴും തുടരുന്നതെന്നും ഇന്നലെ വൈകുന്നേരം സഹകരണ ആശുപത്രിയിലെത്തി ചികില്‍സ തേടി മടങ്ങിയതും ഈ ആരോപണം ബലപ്പെടുത്തി. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പൊലീസും വെളിപ്പെടുത്തി.  Also Read: 'ഞങ്ങളുടെ ജീവിതം നശിപ്പിച്ചു; ദിവ്യയെ അറസ്റ്റ് ചെയ്യണം'; നീതി വേണമെന്ന് നവീന്‍റെ കുടുംബം

അതേസമയം വിധിപ്പകര്‍പ്പ് കിട്ടിയാലുടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഹൈക്കോടതിയെ സമീപിക്കുമെങ്കില്‍ പിന്നെ കീഴടങ്ങേണ്ടല്ലോയെന്നുമായിരുന്നു ദിവ്യയുടെ അഭിഭാഷകന്‍ കെ. വിശ്വന്‍റെ പ്രതികരണം. എഡിഎമ്മിനെതിരെ പ്രശാന്ത് നേരത്തെ പരാതി ഉന്നയിച്ചതിന് തെളിവുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അവകാശപ്പെട്ടു. എഡിഎം മരിച്ച ദിവസം രാവിലെ പ്രശാന്തിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. പരാതിക്കാരന്‍ കണ്ണൂര്‍ വിജിലന്‍സ് ഓഫിസിലെത്തിയതിന്‍റെ ദൃശ്യങ്ങളുണ്ടെന്നും ആ ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.  തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് വിധി. 23ന് വിശദമായ വാദം കേട്ട ശേഷമാണ് ഹര്‍ജി ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിയത്.

Google News Logo Follow Us on Google News

ENGLISH SUMMARY:

CPM has asked P.P. Divya to surrender to the police in the case of ADM Naveen Babu's death. The police have also confirmed that they are trying to arrest Divya as soon as possible