നിയമസഭയില്‍ തന്‍റെ പ്രസംഗത്തിന്‍റെ ഫ്ളോ കളയാന്‍ ഭരണപക്ഷ അംഗങ്ങള്‍മാത്രമല്ല മന്ത്രിമാരും ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വോക്കൗട്ട് പ്രസംഗം തടയാന്‍ അവര്‍ മനപൂര്‍വം ശ്രമിക്കും. പ്ലാന്‍ ചെയ്ത് വരും. അഞ്ചുമന്ത്രിമാര്‍ വരെ എതിര്‍പ്പുമായി എഴുന്നേല്‍ക്കും. ആ അഞ്ചുപേര്‍ക്കും വഴങ്ങിയാല്‍ പ്രസംഗത്തിന്‍റെ ഫ്ളോ പോകും . അവര്‍ അതിനുവേണ്ടി മനപ്പൂര്‍വം ചെയ്യുന്നതാ. അതിനാല്‍ ഞാന്‍ വഴങ്ങിക്കൊടുക്കാറില്ല. പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സാധാരണ തടസപ്പെടുത്താറില്ല. വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ അദ്ദേഹം അരമണിക്കൂറിലേറെയൊക്കെ പ്രസംഗിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ മാത്രമാണ്  അന്ന് അദ്ദേഹത്തിന്‍റെ പ്രസംഗം ഭരണപക്ഷം തടപ്പെടുത്തിയതെന്നും സതീശന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്‍റെ ചൂടറിഞ്ഞുള്ള മനോരമ ന്യൂസ് യാത്ര സനക പ്രദക്ഷിണത്തിനിടെ സനകന്‍ വേണുഗോപാലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസംഗം തടസപ്പെടുത്താനുള്ള  ഭരണപക്ഷശ്രമം ചെറുക്കാന്‍ പ്രതിപക്ഷഅംഗങ്ങള്‍ എഴുന്നേല്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് കയ്യുയര്‍ത്തി  തടയും .അപ്പോള്‍ കൈ ചെന്നുപതിക്കുന്നത് തൊട്ടടുത്തിരിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മുഖത്താണെന്ന് തമാശരൂപേണ പറഞ്ഞപ്പോള്‍ തന്‍റെ പ്രസംഗത്തിന്‍റെ വിജയം തിരുവഞ്ചൂരിന്‍റെ മുഖത്ത് കാണാമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ  മറുപടി.  പ്രസംഗിച്ച് കഴിഞ്ഞാല്‍ അദ്ദേഹത്തിന്‍റെ മുഖത്തേക്കു നോക്കും. വിലയിരുത്തല്‍ അവിടാണ് . പ്രസംഗം നന്നായാല്‍  അദ്ദേഹം പുറത്തേക്കിറങ്ങുമ്പോള്‍ തോളില്‍ തട്ടും.  പ്രസംഗം കേള്‍ക്കണം. അത് തടസപ്പെടുത്തിയാല്‍ ഇടപെടാറുണ്ട് .പാര്‍ട്ടി പരിപാടിയാണെങ്കില്‍ കാര്‍ക്കശ്യത്തോടെ ഇടപെടുമെന്നും സതീശന്‍ പറഞ്ഞു.

ഈ തിരഞ്ഞടുപ്പില്‍ പലതും ചര്‍ച്ചയില്‍ വരരുതെന്ന് ഭരണപക്ഷം ആഗ്രഹിച്ചിരുന്നു . അത്തരം വിഷയങ്ങള്‍ മാറ്റിക്കണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നത്. ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും .പൂരമൊക്കെ ചര്‍ച്ച ചെയ്യപ്പെടരുതെന്നാണ് ആഗ്രഹിച്ചിരുന്നത്. വീണ്ടും പൂരം ചര്‍ച്ചയില്‍ വന്നത് കണ്ടില്ലേ . അതുപോലെ ആര്‍എസ്എസ് സിപിഎം ബന്ധവും ചര്‍ച്ചയ്ക്ക് വരും 

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. എന്നെ വ്യക്തിപരമായി വിമര്‍ശിക്കാറുണ്ട് . ഇയാള്‍ കൊള്ളരുതാത്തവനാണ് പണിനിര്‍ത്തിപൊക്കൂടേ എന്ന് ചോദിക്കുന്നവരുണ്ട്. അങ്ങനെ കേള്‍ക്കുമ്പോള്‍ നമ്മള്‍ സ്വയം വിലയിരുത്തണം. ഒരു  ദിവസം ചാനല്‍ മൈക്കിനെ കോലെന്ന് വിശേഷിപ്പിച്ചു . പിന്നെ അത് എടുത്തുനോക്കി . അങ്ങനെ പറയാന്‍ പാടില്ലെന്ന് തോന്നി. ഇത് മൈക്കാണ്. പണിയായുധമാണ്  ഞാന്‍ മാപ്പുപറഞ്ഞ് തിരുത്തി. തമാശയായിട്ട് പറഞ്ഞതാണ് .അങ്ങിനെ പോലും പറയരുതായിരുന്നു. നിങ്ങള്‍ ഞങ്ങളെ  വിമര്‍ശിക്കണം. എല്ലാദിവസവും പുകഴ്ത്തിയാല്‍ ഞങ്ങള്‍ നശിച്ചുപോകുമെന്നും സതീശന്‍.  

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  എല്ലാവരോടും സംസാരിച്ചു. കെ.മുരളീധരനുമായും സംസാരിച്ചു. പിണക്കമൊന്നുമില്ല. അദ്ദേഹത്തിന്‍റെ ഒരു രീതിയില്ല അത്. തൃശൂരിലെ തോല്‍വിയെല്ലാം കഴിഞ്ഞ് വന്നതാണ്. വിഷമമെല്ലാം ഉണ്ടായിട്ടുണ്ട്. നമ്മള്‍ ഇതെല്ലാം കണ്ടുവന്ന ആളുകളല്ലേ.  അത് മനസിലാക്കാന്‍ പറ്റണം. പ്രശ്നങ്ങളുണ്ട്.  അദ്ദേഹം മുന്‍പന്തിയില്‍ നില്‍ക്കേണ്ട ആളാണ്. അത് ഒരു ചായകുടിച്ച് തീര്‍ക്കാവുന്ന പ്രശ്നമാക്കി നിസാരവല്‍ക്കരിക്കാനില്ല. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ഒരിക്കലുമില്ലാത്ത  ഐക്യമാണ് പാര്‍ട്ടിയിലുള്ളത്. ചെറിയ പ്രശ്നങ്ങളേ ഉള്ളൂ. അത് പരിഹരിച്ച് മുന്നോട്ടുപോകാവുന്നതാണ്.  

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടതുമയി ബന്ധപ്പെട്ട് അദ്ദേഹത്തെ വിളിച്ചിരുന്നു. കോണ്‍വോയി ആയി പോയ വാഹനങ്ങള്‍  ഇടിച്ചു. അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല.  ആരെയോ സേവ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ത്തിയതാണ്. പണ്ട് ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തലയ്ക്കൊപ്പം  കാറില്‍ പോകുമ്പോള്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി. ഇതുപോലൊരു കൂട്ടിയിടിക്ക് അന്ന് സാക്ഷിയായിട്ടുണ്ടെന്നും  സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പോകുന്നതുപോലല്ല താന്‍ പോകുന്നതെന്നും  സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കായി റോഡില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട് . ചിലപ്പോള്‍ തിരക്കിട്ട് പോകുമ്പോള്‍ ഞാന്‍ കൈവച്ച് മുഖം മറയ്ക്കും. വണ്ടിയിലാരാണെന്ന് മറ്റുള്ളവര്‍ കാണാതിരിക്കാനാണ്.  അവര്‍ക്ക് തോന്നേണ്ടല്ലോ ഇവന്‍ എവിടേക്കാണ് പോകുന്നതെന്ന്. തിരഞ്ഞെടുപ്പ് ട്രെന്‍ഡ്  അനലൈസ് ചെയ്താല്‍   പാലക്കാട്  പതിനായിരത്തിന് മേല്‍ ഭൂരിപക്ഷംകിട്ടുമെന്ന് സതീശന്‍ ആവര്‍ത്തിച്ചു. 25വര്‍ഷമായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന ചേലക്കര തിരിച്ചുപിടിക്കും. ഭൂരിപക്ഷം ഇപ്പോള്‍ പറയുന്നില്ല. പിന്നീട് പറയാം.  2019ല്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടിയ  ഭൂരിഭക്ഷത്തേക്കാള്‍ കൂടുതല്‍ കിട്ടുമെന്നും സതീശന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

VD Satheesan about his assembly speeches