പാലക്കാട്ടെ യുഡിഎഫ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ അര്‍ധരാത്രിയിലെ റെയ്ഡില്‍ കേസില്ല. പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനാല്‍ തുടര്‍നടപടിയില്ലെന്ന് പൊലീസ്. എന്നാല്‍, പരിശോധന സമയത്തെ സംഘര്‍ഷത്തില്‍ നേരത്തെ കേസെടുത്തിരുന്നു. ഈ കേസ് തുടരും. ഹോട്ടലുടമയുടെ പരാതിയില്‍ കണ്ടാലറിയുന്ന പത്തുപേര്‍ക്കെതിരെയാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍പ്പേരെ പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം  സ്ത്രീകളുടെ മുറിയില്‍ വനിതാ പൊലീസ് ഇല്ലാതെ കയറിയതില്‍ നിയമനടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

അനധികൃതമായി പണമെത്തിച്ചെന്ന എല്‍.ഡി.എഫ് പരാതിയില്‍ പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ അര്‍ധരാത്രിയായിരുന്നു പൊലീസിന്‍റെ മിന്നല്‍ നീക്കം. നേതാക്കളും പ്രവര്‍ത്തകരും സംഘടിച്ചെത്തിയതോടെ, പുലര്‍ച്ചെ വരെ വന്‍ സംഘര്‍ഷവും കയ്യാങ്കളിയും അരങ്ങേറി. പാതിരാനാടകത്തിനൊടുവില്‍ ഒന്നും കണ്ടെത്തിയില്ലെന്ന പൊലീസ് മറുപടിയില്‍‌ പോര്‍വിളി തിളച്ചു. പിന്നാലെ അര്‍ധരാത്രിയിലെ പരിശോധന നടത്തിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെത്തി. കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചുവെന്നും അതേക്കുറിച്ച് പാര്‍ട്ടിക്ക് വിവരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെളിവ് ഉടന്‍ പുറത്തുവരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും പ്രതികരിച്ചിരുന്നു. ഫെനി നൈനാനാണ് ട്രോളി ബാഗ് കൊണ്ടുവന്നതെന്ന്  പറയുന്നു. ഒരു റൂമില്‍നിന്ന് മറ്റൊരു റൂമിലേക്ക് ബാഗ് പിന്നീട് മാറ്റി. ഹോട്ടലിന്റെ പിന്നില്‍ ഏണിവച്ച് ഇറങ്ങാന്‍ സൗകര്യമുണ്ടെന്നും ഇ.എന്‍.സുരേഷ് ബാബു പറഞ്ഞു.

തൊട്ടുപിന്നാലെ അതേ നീല ബാഗ് പ്രദര്‍ശിപ്പിച്ച് ഒരു രൂപ കടത്തിയെന്ന് തെളിയിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വെല്ലുവിളിയെത്തി. പണം കടത്തിയെന്ന് തെളിയിച്ചാല്‍ പ്രചാരണം നിര്‍ത്താമെന്നും എന്ത് ശാസ്ത്രീയ പരിശോധനയും നടത്താം, വെല്ലുവിളിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. ട്രോളി ബാഗില്‍ വസ്ത്രങ്ങള്‍ കൊണ്ടുപോയിട്ടുണ്ടാകാം. ഈ ഹോട്ടലില്‍ പല ദിവസങ്ങള്‍ താമസിച്ചു, ഇവിടെ നിന്ന് മാധ്യമങ്ങളെ കണ്ടു. കോഴിക്കോട്ടെ അസ്മ ടവറിലെ സിസിടിവിയിലും പെട്ടി ഉണ്ടാകും. ഞാന്‍ പിന്‍വാതിലിലൂടെ ഇറങ്ങിയോടി എന്നല്ലേ പ്രചാരണം, തെളിയിക്കൂ എന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഇതിനിടെ പാലക്കാട് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ഫെനി നൈനാന്‍ ട്രോളി ബാഗുമായി പോകുന്നത് ദൃശ്യങ്ങളില്‍. രാത്രി 10.11മുതല്‍ 11.30 വരെയുള്ള സമയത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, വി.കെ.ശ്രീകണ്ഠന്‍ തുടങ്ങിയവരും ദൃശ്യങ്ങളില്‍. പുറത്തുവന്ന ദൃശ്യങ്ങളിലെ ദുരൂഹത എന്തെന്നറിയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ശ്രീകണ്ഠനും ഷാഫി പറമ്പിലും ഇറങ്ങിയോടിയെന്നാണ് സി.പി.എമ്മുകാര്‍ പറഞ്ഞത്. ഞാന്‍ പിന്നിലൂടെ പോയെന്ന് പറഞ്ഞതും തെറ്റെന്ന് തെളിഞ്ഞില്ലേ. സി.പി.എം ആദ്യഘട്ടത്തില്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പൊളിഞ്ഞു. ബോര്‍ഡ് റൂമിലെ ദൃശ്യങ്ങള്‍ സി.പി.എം പുറത്തുവിടട്ടേയെന്നും രാഹുല്‍ പറഞ്ഞു.

ENGLISH SUMMARY:

There is no case regarding the midnight raid on the UDF leaders' hotel rooms in Palakkad. The police have stated that there will be no further action as nothing was found during the inspection. However, a case was previously registered regarding the conflict that occurred during the inspection. This case will continue.