പാലക്കാട്ടെ യുഡിഎഫ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ അര്‍ധരാത്രിയില്‍ നടന്ന റെ‍യ്ഡില്‍ പൊലീസ് വനിതാ നേതാക്കളെ അപമാനിച്ചെന്ന് ബിന്ദു കൃഷ്ണ. ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പൊലീസ് അതിക്രമിച്ചുകയറാന്‍ ശ്രമിച്ചു. വനിതാപൊലീസിനെ വിളിച്ചുവരുത്തിയത് കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നെന്നും ബിന്ദു കൃഷ്ണ മനോരമ ന്യൂസ് കൗണ്ടര്‍പോയന്റില്‍ പറഞ്ഞു. സ്ത്രീകളുടെ മുറിയില്‍ വനിത പൊലീസ് ഇല്ലാതെ കയറിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നേരത്തെ കെ. മുരളീധരനും പറഞ്ഞിരുന്നു.

അതേസമയം, പാലക്കാട്ടെ യുഡിഎഫ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ അര്‍ധരാത്രിയിലെ റെയ്ഡില്‍ കേസില്ല. പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനാല്‍ തുടര്‍നടപടിയില്ലെന്ന് പൊലീസ്. അതേസമയം, പരിശോധന സമയത്തെ സംഘര്‍ഷത്തില്‍ നേരത്തെ കേസെടുത്തിരുന്നു. ഈ കേസ് തുടരും. ഹോട്ടലുടമയുടെ പരാതിയില്‍ കണ്ടാലറിയുന്ന പത്തുപേര്‍ക്കെതിരെയാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍പ്പേരെ പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു.

അനധികൃതമായി പണമെത്തിച്ചെന്ന എല്‍.ഡി.എഫ് പരാതിയില്‍ പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ അര്‍ധരാത്രിയായിരുന്നു പൊലീസിന്റെ മിന്നല്‍ നീക്കം. നേതാക്കളും പ്രവര്‍ത്തകരും സംഘടിച്ചെത്തിയതോടെ, പുലര്‍ച്ചെ വരെ വന്‍ സംഘര്‍ഷവും കയ്യാങ്കളിയും അരങ്ങേറി.

ENGLISH SUMMARY:

Bindu Krishna claims that the police insulted women leaders during the midnight raid on UDF leaders' hotel rooms in Palakkad.