കൊല്ലം കൊട്ടിയത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനും എം.മുകേഷ് എം.എൽ.എയ്ക്കും എതിരെ രൂക്ഷ വിമർശനം. ഇ.പിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിലെ ഇപിയുടെ വെളിപ്പെടുത്തൽ മുന്നണിക്ക് തിരിച്ചടിയായി. ജില്ലാ സെക്രട്ടറി എസ് സുദേവൻ അവതരിപ്പിച്ച രാഷ്ട്രീയ സംഘടന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിൽ പങ്കെടുത്ത ഏഴു കമ്മിറ്റികളിൽ എന്നുള്ള പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ എം. മുകേഷിനെ എന്തിന് ആരുടെ നിർദ്ദേശപ്രകാരം സ്ഥാനാർഥിയാക്കി എന്നായിരുന്നു ചടയമംഗലത്ത് നിന്നുള്ള പ്രതിനിധികളുടെ ചോദ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ കൈവശം ഇരിക്കുമ്പോഴാണ് സ്ഥാനാർഥിയാക്കിയത്. മറ്റാരെയെങ്കിലും സ്ഥാനാർഥി ആക്കിയിരുന്നെങ്കിൽ ഇത്ര വലിയ പരാജയം ഉണ്ടാകില്ലായിരുന്നുവെന്നും പ്രതിനിധികൾ പറഞ്ഞു. ഇന്ത്യ മുന്നണി രൂപീകരിക്കാൻ മുന്നിൽ ഉണ്ടായിരുന്ന പാർട്ടിക്ക് ഇപ്പോൾ സ്ഥാനം ഉണ്ടോയെന്നും പ്രതിനിധികൾ വിമർശിച്ചു. പതിനേഴ് ഏരിയ കമ്മിറ്റികളിൽ നിന്നുള്ള 450 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ നാളെയും പൊതു ചർച്ച തുടരും.