യുഡിഎഫ് മുന്നണി വിപുലീകരണം സജീവ ചർച്ചയാകുമ്പോൾ സമയക്രമം പ്രധാന അജൻഡയാക്കി കോൺഗ്രസ്. 2026ന് മുൻപ് കേരളാ കോൺഗ്രസ് എം, ആർ.ജെ.ഡി ഉൾപ്പെടെ പഴയ കക്ഷികളെ തിരികെ എത്തിക്കാൻ സജീവ നീക്കം നടക്കുമ്പോൾ എല്ലാം തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് വേണമെന്ന നിലപാടാണ് കോൺഗ്രസിന്.
ലോക്സഭാ തിരഞ്ഞെടുപ്പിലെയും ഉപതിരഞ്ഞെടുപ്പുകളിലെയും മിന്നും വിജയത്തിനിടയിലും സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്താൻ മുന്നണി വിപുലീകരണം വേണമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. എല്ലാത്തിനും അതിന്റെതായ സമയമുണ്ടെന്ന് പറഞ്ഞിരുന്ന കോൺഗ്രസും ലീഗും ഇപ്പോൾ അതിനുള്ള സമയമായെന്ന് ഉറപ്പിക്കുന്നു. മുന്നണി വിട്ടുപോയ കേരളാ കോൺഗ്രസ് (എം), ആർ.ജെ.ഡി കക്ഷികളുടെ കാര്യത്തിലാണ് പ്രധാന ചർച്ച. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പി.കെ.കുഞ്ഞാലിക്കുട്ടിയുമാണ് അനൌദ്യോഗിക ചർച്ചകളുടെ പിന്നിൽ. മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ഉൾപ്പെടെ നിലവിൽ ഉണ്ടെങ്കിലും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭാവി ശുഭകരമല്ലെന്നാണ് കേരളാ കോൺഗ്രസ് എമ്മിന്റെ വിലയിരുത്തൽ. വോട്ടുചോർച്ചയ്ക്ക് ഒപ്പം 2026ൽ അധികാരത്തുടർച്ച ഉണ്ടായില്ലെങ്കിൽ അപ്രസ്ക്തമായിപ്പോകുമെന്നും ജോസ് കെ.മാണി കരുതുന്നു. ഇത് മുൻനിർത്തി അനൌദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പാലാ സീറ്റാണ് കേരളാ കോൺഗ്രസ് എമ്മിന്റെ പ്രധാന ആവശ്യം. മാണി സി. കാപ്പനെ വഞ്ചിച്ച് പാലാ വിട്ടുനൽകാൻ ഒരുക്കമല്ലെന്ന് കോൺഗ്രസ് നിലപാട് എടുത്തതോടെ മലബാറിൽ സുരക്ഷിത സീറ്റ് ഉറപ്പാക്കി കേരളാ കോൺഗ്രസിനെ തിരികെ എത്തിക്കാൻ ലീഗ് ശ്രമിക്കുന്നുണ്ട്. എൽഡിഎഫിൽ കടുത്ത അവഗണന നേരിടുന്ന എം.വി.ശ്രേയംസ്കുമാറിന്റെ ആർ.ജെ.ഡിയെ മുന്നണിയിൽ ആദ്യം എത്തിക്കാനാകുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. തൃണമൂൽ കോൺഗ്രസിലൂടെ റീലോഞ്ചിന് ശ്രമിക്കുന്ന പി.വി.അൻവറിനോടും യുഡിഎഫ് മുഖംതിരിക്കില്ല. അതേസമയം, ഏത് കക്ഷിയായാലും തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് വരണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. താഴെത്തട്ടിൽ രണ്ടുചേരികളിൽ മത്സരിച്ച ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചാൽ ഗുണം ചെയ്യില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെയും നിലപാട്. ഇത് മുൻനിർത്തിയുള്ള ചർച്ചകൾ പലവഴിക്കാണ് നടക്കുന്നത്. വിവാഹ, മരണാനന്തരച്ചടങ്ങൾ പോലും മുന്നണി വിപിലീകരണത്തിന്റെ അനൌദ്യോഗിക ചർച്ചകൾക്ക് വേദിയാകുന്നതായാണ് അടക്കംപ്പറച്ചിൽ.