സ്ത്രീ സ്വാതന്ത്ര്യ നിലപാടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി രൂക്ഷ വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ കാന്തപുരത്തെ പൂര്‍ണമായും തള്ളാതെ തോമസ് ഐസ്ക്. കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്‍റെ വിശ്വാസമാണെന്നും തന്‍റെ പാര്‍ട്ടിയിലും പ്രശ്നമുണ്ടെന്നും ഐസക് തുറന്നു സമ്മതിക്കുന്നു. ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്നിരുന്ന കാന്തപുരം അടുത്തിടെ നിലപാട് മാറ്റിയതാണ് സി.പി.എമ്മും സമീപനം മാറ്റാന്‍ കാരണമെന്നാണ് സൂചന.
മതനിയമങ്ങള്‍ ലംഘിച്ച് സ്ത്രീകള്‍ പുരുഷന്‍മാരുമായി ഇടകലര്‍ന്ന് വ്യായാമം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നുമായിരുന്നു സമസ്ത മുശാവറയോഗത്തിന്റ നിലപാട്. മെക് 7 വ്യായാമ ക്കൂട്ടായ്മയെ പരോക്ഷമായി വിമര്‍ശിക്കുന്ന നിലപാട് കാന്തപുരം പരസ്യവേദിയില്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇത് അടിസ്ഥാനമാക്കിയായിരുന്നു എം വി ഗോവിന്ദന്റ വിമര്‍ശനം.
എന്നാല്‍ അതേനാണയത്തില്‍ തിരിച്ചടിച്ച കാന്തപുരം സ്ത്രീപ്രാതിനിധ്യത്തില്‍ സി.പി.എമ്മിന്റ ഇരട്ടത്താപ്പിനേയും തുറന്നുകാണിച്ചു. എന്നാല്‍ അടുത്തകാലം വരെ ഇടതുമുന്നണിയെ പിന്തുണച്ച കാന്തപുരത്തെ പെട്ടെന്നങ്ങ് തള്ളേണ്ടെന്ന സന്ദേശമാണ് തോമസ് ഐസക് നല്‍കുന്നത് കാന്തപുരം പറഞ്ഞത് അദേഹത്തിൻറെ വിശ്വാസം. സ്ത്രീപുരുഷ തുല്യതാ പ്രശ്നം എല്ലായിടത്തും ഉണ്ട്. ഞങ്ങളുടെ പാർട്ടിയിലും ഉണ്ട്. ഞങ്ങളത് സമ്മതിക്കുകയും, തിരുത്തി മുന്നോട്ടു പോവുകയും ചെയ്യും. ഇടതുമുന്നണിയോട് അനുകൂല സമീപനം സ്വീകരിച്ചപ്പോഴൊന്നും കാന്തപുരത്തിന്റ സ്ത്രീ പക്ഷ നിലപാടുകളെ തള്ളിപ്പറയാതിരുന്ന സി പി എം ഇപ്പോള്‍ വിമര്‍ശിക്കാന്‍ തയാറാകുന്നതിന് പിന്നില്‍ മാറിയ രാഷ്ട്രീയ നിലപാട് തന്നെയാണന്ന് വ്യക്തം.