ശശി തരൂരിനെ പരിഹസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കൊട്ടാരത്തിലെ വിദൂഷകനെപ്പോലെ പിണറായി ഭരണം മൂന്നാംവട്ടമെന്ന് പറഞ്ഞാണ് രാജഭക്തര്‍ ഇറങ്ങിയിരിക്കുന്നത്. മാര്‍ക്സിസ്റ്റ് അണികള്‍ പോലും തുടര്‍ഭരണം ആഗ്രഹിക്കുന്നില്ല. എന്ത് ന്യായത്തിലാണ് തുടര്‍ഭരണം. അഭിപ്രായം പറയുന്നവനെ 52വെട്ട് വെട്ടിക്കൊല്ലുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും ആര്‍ക്കും അഭിപ്രായം പറയാമെന്നും വേണുഗോപാല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാല്‍.
വഴങ്ങാതെ തരൂര്‍
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ശശി തരൂര്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യമുണ്ടെന്നും ഇങ്ങനെ പോയാല്‍ മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നും തരൂര്‍ തുറന്നടിച്ചു. പാര്‍ട്ടിക്കതീതമായ ജനപിന്തുണയുള്ള തന്നെ പ്രസ്ഥാനത്തിനു വേണ്ടെങ്കില്‍ മറ്റ് വഴികളുണ്ടെന്നും തരൂര്‍ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ പോഡ്കാസ്റ്റിൽ പറഞ്ഞു. 26ന് ഇറങ്ങുന്ന പോഡ്കാസ്റ്റ് കേട്ട ശേഷം ചോദ്യങ്ങൾ ചോദിക്കൂ എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
മോദി, പിണറായി പ്രശംസ കോണ്‍ഗ്രസിനുണ്ടാക്കിയ തലവേദനയൊടുങ്ങും മുന്‍പേ പാര്‍ട്ടി നേതൃത്വത്തെ തന്നെ നേരിട്ട് ചോദ്യം ചെയ്യുകയാണ് ശശി തരൂര്‍. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ അടിത്തറ വിപുലപ്പെടുത്തണമെന്നും പാര്‍ട്ടിയില്‍ നേതാക്കളില്ലെന്ന് അണികള്‍ കരുതുന്നുണ്ടെന്നും പോഡ്കാസ്റ്റിൽ ശശി തരൂര്‍ അടിവരയിടുന്നു.
കോണ്‍ഗ്രസ് വോട്ടുകൊണ്ടു മാത്രം കേരളത്തില്‍ ജയിക്കില്ല. തനിക്ക് കേരളത്തിലെ മറ്റു നേതാക്കളേക്കേള്‍ ജനപിന്തുണയുണ്ടെന്ന് അഭിപ്രായ സര്‍വേകള്‍ പറയുന്നു. തിരുവനന്തപുരത്ത് പാര്‍ട്ടിക്കപ്പുറം തന്‍റെ ശൈലിയെയും വികസന നിലപാടുകളെയും ജനം പിന്തുണച്ചു, കോണ്‍ഗ്രസ് വിരുദ്ധവോട്ടുകളും ലഭിച്ചതിനാലാണ് നാലുതവണ ജയിച്ചത്. 2026ലും അതുതന്നെയാണ് ആവശ്യം. പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്, എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് തന്‍റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. പാര്‍ട്ടിമാറ്റം ഉചിതമെന്ന് കരുതുന്നില്ല, എന്നാല്‍ സംഘടനകളുടെ പിന്തുണ എല്ലാവരും ആഗ്രഹിക്കുമെന്നും തരുര്‍ പറഞ്ഞുവയ്ക്കുന്നു. പിന്നീട് ഇതേക്കുറിച്ച് പ്രതികരിക്കാൻ തരൂർ തയ്യാറായില്ല.
തരൂരിന്റെ നീക്കങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണ് എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. അർഹമായ എല്ലാ പദവികളും തരൂരിന് നൽകിയിട്ടുണ്ട്. സംഘടനാ തലത്തിലൂടെ വളർന്ന നേതാവല്ല എന്നതിനാൽ ചില ചുമതലകൾ നൽകുന്നതിൽ തടസ്സമുണ്ട് എന്നും ദേശീയ നേതൃത്വം പറയുന്നു.
ലേഖനത്തിന് പിന്നാലെ അഭിമുഖത്തിലൂടെ ശശി തരൂർ പാർട്ടിയെ വെട്ടിലാക്കുമ്പോൾ സ്വരം കടുപ്പിച്ചു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തെത്തി. തരൂർ അതിരുവിടരുതെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി. ഗ്രൂപ്പുഭേദമന്യേ കോൺഗ്രസ് നേതാക്കൾ തരൂരിനെ തള്ളി. അതേസമയം, തരൂരിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ എത്തിനിൽക്കുകയാണ് സി.പി.എം നേതാക്കളുടെ പ്രതികരണങ്ങൾ. സംസ്ഥാന കോൺഗ്രസിൽ നേതൃദാരിദ്ര്യമെന്ന തരൂരിന്റെ പുതിയ കണ്ടുപിടിത്തത്തിൽ നേതാക്കൾ കലിപ്പിലാണ്. ഇതുവരെ കൂടെനിന്ന സുധാകരൻ പോലും ഇടഞ്ഞു