theyyam-kasargod

TOPICS COVERED

കാസർകോട് ചന്തേരയിൽ കളിയാട്ടത്തിന്റെ ഭാഗമായി അപൂർവമായ മന്ത്രമൂർത്തികളുടെ തെയ്യക്കോലങ്ങൾ കെട്ടിയാടി. ഉഗ്രരൂപിയായ കരിംകുട്ടിശാസ്‌തൻ തെയ്യത്തിന്റെ രൗദ്രനടനം കാണാൻ നിരവധിയാളുകളാണ് തടിച്ചു കൂടിയത്.  വടക്കേ മലബാറിൽ ഏറെ പ്രസിദ്ധമാണ് ചന്തേര കപോതനില്ലത്തെ കളിയാട്ടം.

 

20 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കപോതനില്ലത്തെ കളിയാട്ടം. കളിയാട്ടത്തിന്റെ ഭാഗമായി കെട്ടിയാടിയത് അപൂർവ്വങ്ങളായ 14 തെയ്യങ്ങൾ. മന്ത്ര തന്ത്ര മൂർത്തികളായ തീകുട്ടിശാസ്‌തൻ, പൂക്കുട്ടിശാസ്തൻ, പരമക്കാളി, കരിംകുട്ടിശാസ്‌തൻ തുടങ്ങിയ തെയ്യങ്ങൾ കാഴ്ചക്കാരുടെ മനസ്സിൽ സൃഷ്ടിച്ചത് ഭക്തിക്കും വിസ്മയത്തിനുമൊപ്പം ഭയവും. 

കൂളിവാക എന്ന വേടസ്ത്രീയിൽ പരമശിവനെ ജനിച്ച മക്കളാണ് ചാത്തന്മാർ എന്നാണ് വിശ്വാസം. 316 ചാത്തന്മാരിൽ ഏറ്റവും മൂത്തവനാണ് കരിങ്കുട്ടിച്ചാത്തൻ. തെയ്യകോലമണിഞ്ഞ ചാത്തന്മാർ കാണികൾക്ക് നേരെ ചാടിവീഴുകയും വടിയും ചുരികയും കൊണ്ട് തല്ലിമാറ്റുകയും ചെയ്യും. കാണികൾക്ക് നേരെ പാഞ്ഞെടുത്ത തെയ്യത്തെ പരിവാരങ്ങൾ പിടിച്ചുമാറ്റി. ഉപാസകരായ മാന്ത്രികർക്കും ഭക്തർക്കും തെയ്യം മൊഴി പറഞ്ഞ് അനുഗ്രഹം നൽകി. ജൂൺ രണ്ടിന് നീലേശ്വരം മന്നംപ്പുറത്തു കാവിലെ തിരുമുടി അഴിക്കുന്നതോടെ കാസർകോട്ടെ തെയ്യകാഴ്ചക്കൾക്ക് താത്കാലിക വിരാമമാകും.

ENGLISH SUMMARY:

Theyyam in Kasargod