ഒരു മോർച്ചറിയെന്ന് കേട്ടാൽ ഇരുട്ടുമുറിയും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെയാണ് നമ്മുടെ മനസിൽ വരിക. ഉറ്റവരുടെ മരണത്തിൽ നെഞ്ചുനീറി നിൽക്കുവർക്ക്, ഒപ്പമെത്തുന്ന പൊലീസുകാർക്ക് ഒരു നിമിഷ നേരത്തേക്കെങ്കിലും മനസിനൊരല്പം തണുപ്പു നല്കാൻ കഴിഞ്ഞാലോ? അത്തരമൊരു മോർച്ചറി കാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന്.
മണിക്കൂറുകൾക്ക് മുമ്പുവരെ ചൂടുണ്ടായിരുന്ന ശരീരങ്ങൾ മരണത്തിന്റെ തണുപ്പ് പുതച്ച് മടങ്ങുകയാണ് ഒരു വശത്ത് മനം മടുപ്പിക്കുന്ന മണമുള്ള മോർച്ചറിയിൽ ഒരു നിമിഷ നേരമെങ്കിലും മനസൊന്ന് മാറ്റിപ്പിടിക്കാൻ ആഗ്രഹിക്കാത്തവരാരുണ്ട്? ചേതനയറ്റ ശരീരങ്ങൾക്ക് മണിക്കൂറുകളോളം കാവലിരിക്കുന്ന പൊലീസുകാർ, ആംബുലൻസ് ഡ്രൈവർമാർ അവർക്കൊക്കെ വേണ്ടിയാണ് ഈ ലൈബ്രറി. പ്രിയപ്പെട്ടവരുടെ ശരീരങ്ങൾ ഏറ്റുവാങ്ങാൻ ജീവനറ്റ് കാത്തു കിടക്കുന്നവർക്ക് ഈ അലങ്കാര മത്സ്യങ്ങളുടെ കാഴ്ച ചിലപ്പോൾ ഒരിറ്റ് ശ്വാസം നല്കിയേക്കാം.
രണ്ടാമൂഴവും ഖസാക്കിൻ്റെ ഇതിഹാസവും ഒരു പൊലീസ് സർജൻ്റെ ഓർമ്മക്കുറിപ്പുകളും ഒക്കെയുണ്ടിവിടെ. സെക്യൂരിറ്റി ജീവനക്കാരൻ കണ്ണനാണ് ഇത്തരമൊരു ആശയം തോന്നിയതും സ്വന്തം പോക്കറ്റിൽ നിന്ന് കാശു മുടക്കി തുടക്കമിട്ടതും. മുൻ ആശുപത്രി സൂപ്രണ്ട് എ നിസാറുദീനാണ് അനുമതിയും പിന്തുണയും നല്കിയത്. പലരും സംഭാവന നല്കി പുസ്തകങ്ങളുടെ എണ്ണം 200 ഓളമായി. വെഞ്ഞാറമൂട് എസ് ഐ ജ്യോതിഷ് നല്കിയ പോസിറ്റീവ് ചിന്തകളുടെ ഫ്രെയിമും ഇവിടെ ഇടം പിടിച്ചിട്ടുണ്ട്. റിസപ്ഷൻ നിറയെയുള്ള അലങ്കാര ചെടികളും പോസിറ്റീവ് എനർജി നല്കും.