ബോംബ് രാഷ്ട്രീയത്തിനെതിരെ പരസ്യമായി പ്രതികരിച്ച എരഞ്ഞോളിയിലെ എം.സീനയെയും കുടുംബത്തെയും ഒറ്റപ്പെടുത്തുന്നതായി ആരോപണം. പാർട്ടിക്കാർ വീട്ടിലെത്തി വീട്ടുകാരെ ഉപദേശിച്ചെന്നും പേടിയോടെയാണ് അമ്മ കഴിയുന്നതെന്നും സീന പറഞ്ഞു. ‘എന്നെ തിരുത്താൻ അമ്മയെ ഉപദേശിച്ചാണ് പാർട്ടിക്കാർ മടങ്ങിയത്. ജോലിസ്ഥലത്തും പലരും അന്വേഷിച്ചെത്തി. ഞാൻ കളരി പഠിക്കുന്ന സ്ഥലത്തും ആളുകളെത്തി. കളരി ക്ലാസിലും എനിക്ക് വിലക്കുണ്ടെന്നാണ് അറിഞ്ഞത്. അയൽക്കാർ എന്നെയും എന്റെ വീട്ടുകാരെയും ഒറ്റപ്പെടുത്തിയ മട്ടാണ്. അവർക്കുവേണ്ടി കൂടിയാണു ഞാൻ സംസാരിച്ചത്. എന്നിട്ടും അവർ സത്യത്തിനൊപ്പം നിൽക്കുന്നില്ല’
മരിക്കാൻ ഭയമില്ലെന്നും സത്യം പറഞ്ഞതിനു പാർട്ടി വിധിക്കുന്ന ശിക്ഷ മരണമാണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും സീന പറയുന്നു. ആളൊഴിഞ്ഞ പറമ്പിൽനിന്നു ലഭിച്ച സ്റ്റീൽപാത്രം ബോംബാണെന്ന് അറിയാതെ തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സ്ഥലം സന്ദർശിച്ച ഷാഫി പറമ്പിൽ എംപിയോടുള്ള സീനയുടെ പ്രതികരണം ഏറെ ചർച്ചയായിരുന്നു.