ഭര്‍ത്താവും ഇന്ത്യന്‍ ബഹിരാകാശ ദൗത്യം ഗഗന്‍യാന്‍ ഗ്രൂപ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണന്‍നായരുടെ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി പങ്കുവച്ച് നടി ലെന. പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എയ്റോസ്‌പെയ്‌സ് എൻജിനീയറിങിൽ (IISc) പ്രശാന്ത്, എംടെക് റിസർച്ച് കൊളോക്യം അവതരിപ്പിച്ച വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളിലൂടെ ലെന പങ്കുവച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുന്ന പ്രശാന്തിന്റെ വിഡിയോയും കുറിപ്പിനൊപ്പം ലെന പോസ്റ്റ് ചെയ്തു.
വിഡിയോയിൽ ഓർബിറ്റൽ മെക്കാനിക്സ് എന്ന ബഹിരാകാശ തത്വത്തെ തീർത്തും ലളിതമായി പ്രശാന്ത് വ്യാഖ്യാനിക്കുന്നത് കാണാം. നിരവധിപ്പേരാണ് പ്രശാന്തിന് ആശംസകളുമായി എത്തിയത്. ജനുവരി 17–ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വച്ചാണ് ലെനയും പ്രശാന്തും വിവാഹിതരായത്. ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തന്റെ വിവാഹവാർത്തയും ലെന വെളിപ്പെടുത്തിയത്.
ജനുവരിയിൽ വിവാഹം കഴിഞ്ഞിട്ടും പുറത്തറിയിക്കാതിരുന്നത് പ്രശാന്ത് അതീവ രഹസ്യസ്വഭാവമുള്ള ഒരു തന്ത്രപ്രധാന ദേശീയ ദൗത്യത്തിന്റെ ഭാഗമായതുകൊണ്ടാണെന്നും ലെന അന്ന് വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിനു വീണ്ടുമൊരു അഭിമാനനേട്ടം കൂടി വന്നത് ആഘോഷിക്കുകയാണ് നടി ലെന.