ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകള്‍ക്ക് ഇനി സുഖചികില്‍സാ കാലം. ആനകളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും ജുലൈയില്‍ സുഖചികില്‍സ നല്‍കി വരുന്നുണ്ട്.

ഗുരുവായൂരപ്പന്റെ കരിവീരന്‍മാര്‍ക്ക് ഇനി, സുഖചികില്‍സയുടെ ദിനങ്ങളാണ്. സുഭിക്ഷമായി ഔഷധ ഉരുളുകള്‍ നല്‍കും. പെരുവയര്‍ നിറയെ കുശാലായി ഭക്ഷണം. മറ്റു ദിവസങ്ങളിലും ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകള്‍ക്ക് ഭക്ഷണം സമൃദ്ധിയാണ്. സുഖചികില്‍സയില്‍ ഔഷധക്കൂട്ട് ഉണ്ടാകുമെന്ന് മാത്രം. ആനകളുടെ ശരീരപുഷ്ടിയും ഓജസും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷമായി ആനകള്‍ക്ക് മുടങ്ങാതെ സുഖചികില്‍സ നടത്തി വരുന്നുണ്ട്. 

ചികില്‍സയ്ക്കു മുന്നോടിയായി ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ്  ഭക്ഷണ ക്രമീകരണം. ഇതിനെല്ലാം പുറമെ ദിവസവും തേച്ചുകുളിപ്പിച്ച് ഉഷാറാക്കി നിര്‍ത്തും. ആനകളുടെ തൂക്കത്തിനനുസരിച്ചാണ് മരുന്നുകള്‍. സുഖചികില്‍സയ്ക്കു വേണ്ടി ഓരോ വര്‍ഷവും ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ആകെയുള്ള മുപ്പത്തിയെട്ട് ആനകളില്‍ ഇരുപത്തിയാറെണ്ണത്തിനാണ് ചികില്‍സ.