- 1

റോഡിന്റെ ശോച്യാവസ്ഥ സൃഷ്ടിച്ച യാത്രാദുരിതം കത്തുപാട്ടിന്റെ ഈണത്തിൽ വകുപ്പു മന്ത്രിക്കു മുന്നിലെത്തിച്ചു വേറിട്ട പ്രതിഷേധം. ഒറ്റപ്പാലം ചെർപ്പുളശേരി പ്രധാന പാതയിലെ കോതകുറുശി മുതൽ കിഴൂർ റോഡ് കവല വരെയുള്ള ഭാഗം അറ്റകുറ്റപ്പണി നടത്തണമെന്നാണ് ആവശ്യം.

 

എത്രയും ബഹുമാനപ്പെട്ട റിയാസ് മന്ത്രി എന്നു തുടങ്ങുന്ന പാട്ടിൽ റോഡിലെ യാത്രാദുരിതം അക്കമിട്ടു നിരത്തുകയാണ് അനങ്ങനടി പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ ഇബ്രാഹിം മേനക്കം. വരികൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ കത്ത് പാട്ടാണെന്നു തിരിച്ചറിഞ്ഞ സുഹൃത്ത് നെല്ലായ സ്വദേശി അൻസാർ തച്ചോത്ത് സ്റ്റുഡിയോ സംവിധാനത്തിൽ ഗാനം ആലപിച്ചു റെക്കോർഡ് ചെയ്തു നൽകി. വരികളും പാട്ടും ഇബ്രാഹിം സമൂഹ മാധ്യമം വഴി മന്ത്രിക്ക് അയച്ചു. 

റോഡിലെ കോതകുറുശ്ശി മുതൽ കീഴൂർ റോഡ് കവല വരെയുള്ള ഭാഗം കാൽനടയാത്ര പോലും ദുഷ്കരമാക്കും വിധം തകർന്ന നിലയിലാണ്. വഴിയും കുഴിയും തിരിച്ചറിയാനാകാത്ത അവസ്ഥ. ഒറ്റപ്പാലം ചെർപ്പുളശ്ശേരി പ്രധാന പാത നവീകരണ പദ്ധതിയിലെ രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട പ്രദേശമാണിത്. ഒറ്റപ്പാലം മുതൽ കീഴൂർ റോഡ് വരെയുള്ള ഭാഗമാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. ഇതിൽ കോതകുറുശ്ശി മുതൽ കീഴൂർ റോഡ് വരെയുള്ള ഭാഗത്താണു കടുത്ത യാത്രാദുരിതം. 

ENGLISH SUMMARY:

Parody song of Kathupaattu; Troll against PA Mohammed Riyas