TOPICS COVERED

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുത്തിവയ്പ്പിനെ തുടർന്ന് അബോധാവസ്ഥയിലായ രോഗി മരിച്ചതിൽ വെള്ളിയാഴ്ച വരെ നടപടിയുണ്ടായില്ലെങ്കിൽ കൃഷ്ണയുടെ രണ്ടര വയസുകാരി മകളുമായി സെക്രട്ടറിയേറ്റു നടയിൽ സമരമെന്നു ബന്ധുക്കൾ . കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകണമെന്നും നീതിക്കായി ബന്ധുക്കൾക്കൊപ്പം നിൽക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മരിച്ച കൃഷ്ണാ തങ്കപ്പൻ്റെ വീട്ടിലെത്തിയ ശേഷമായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.

ചികിത്സാ പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി , സാമ്പത്തിക സഹായം തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം സർക്കാർ നൽകിയ ഉറപ്പുകൾ. നടപടിയുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് പോകാനാണ് ബന്ധുക്കളുടെ തീരുമാനം. അച്ചന്റെ ഒക്കത്തിരുന്നു അമ്മയെ തേടുന്ന രണ്ടര വയസുകാരിയായ കൃഷണയുടെ മകൾ ആരുടെയും കണ്ണു നനയ്ക്കും.

കേട്ടുനിന്നവരെ കണ്ണീരിലാക്കുകയാണ് ‘അമ്മ’ എന്ന കുഞ്ഞുവിളി. ഏക മകൾ മൂന്നു വയസ്സുകാരി ഋതികയെ ഉറക്കിക്കിടത്തിയാണ് 15ന് രാവിലെ കൃഷ്ണയും ഭർത്താവ് ശരത്തും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് പോയത്. അവൾക്ക് അങ്കണവാടിയിൽ പോകാനുള്ള വസ്ത്രവും ബാഗും തയാറാക്കി വച്ചിരുന്നു. പിന്നീട് ഋതിക അമ്മയെ കണ്ടിട്ടില്ല. ഇതിനിടെ ഒരു ദിവസം ഋതികയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബന്ധുക്കൾ കൊണ്ടുപോയെങ്കിലും കൃഷ്ണ വെന്റിലേറ്ററിൽ ആയതിനാൽ കാണിച്ചില്ല. 

പോസ്റ്റ്മോർട്ടം നടപടികളും നെയ്യാറ്റിൻകരയിലെ പ്രതിഷേധവും കഴിഞ്ഞ് ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കൃഷ്ണയുടെ ജീവനറ്റ ശരീരം മലയിൻകീഴിലെ വീട്ടിൽ എത്തിക്കുമ്പോഴും ഋതിക ഉറക്കമായിരുന്നു. ഇന്നലെ വീട്ടിലെ ദിനപത്രത്തിൽ കൃഷ്ണയുടെ ചിത്രം കണ്ടപ്പോൾ അമ്മ എന്ന് മകൾ പറയുന്നുണ്ടായിരുന്നു. പിന്നീട് ഇടയ്ക്കിടെ ‘അമ്മ’ എന്ന വിളി വീട്ടിൽ മുഴങ്ങി. 

അമ്മ ആശുപത്രിയിൽ പോയെന്നും ഇപ്പോൾ വരുമെന്നും പറഞ്ഞു സമാധാനിപ്പിക്കുകയായിരുന്നു ബന്ധുക്കൾ. മകളോട് എന്തു പറയണമെന്നറിയാതെ തളർന്ന് അവശനായി ശരത്തും ഏവരെയും കണ്ണീരണിയിച്ചു. 30ന് മകളുടെ പിറന്നാൾ ആഘോഷിക്കാൻ കാത്തിരിക്കുന്നതിനിടെയാണു വിധി കൃഷ്ണയെ കവർന്നത്. ആകെയുള്ള 5 സെന്റ് ഭൂമിയിലെ വീടിന്റെ മുറ്റത്താണു കൃഷ്ണയുടെ സംസ്കാര ചടങ്ങുകൾ നടന്നത്.