ദുരന്തമുഖത്ത് ഒറ്റക്കെട്ടായി, ഒരു മനസോടെ അതിജീവന ശ്രമം നടത്തുകയാണ് കേരളം. വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നും ഹൃദയസ്പര്‍ശിയായ ചില ചിത്രങ്ങളാണ് പുറത്ത് വരുന്നത്. രാഷ്ട്രീയത്തിന്‍റെ പേരില്‍ രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോഴും നാടിന്‍റെ ആപത്ഘട്ടത്തില്‍ കൈമെയ് മറന്ന്, എല്ലാ വിയോജിപ്പുകളെയും മാറ്റിവച്ച് ഒന്നിച്ചിറങ്ങുകയാണ് യുവാക്കള്‍. ഇതാണ് രാജ്യത്തിനുള്ള കേരള മോഡലെന്ന് സമൂഹമാധ്യമങ്ങളില്‍ പലരും കുറിക്കുന്നു.
ഭക്ഷണം വിതരണം ചെയ്യാനും ആവുന്നത് പോലെ തിരച്ചിലിനിറങ്ങാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് അവശ്യ വസ്തുക്കള്‍ നല്‍കാനും ദുരിതാശ്വാസ ക്യാംപിലുള്ളവര്‍ക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യാനുമെന്നിങ്ങനെ എല്ലാ ആവശ്യങ്ങള്‍ക്കും യുവാക്കള്‍ ഒറ്റക്കെട്ടായാണ് മുന്നില്‍ നില്‍ക്കുന്നത്. ഡി.വൈ.എഫ്.ഐയെന്നോ, സേവഭാരതിയെന്നോ, യൂത്ത് കോണ്‍ഗ്രസെന്നോ ഒരു ഭേദവുമില്ലാതെയാണ് വയനാട്ടിലെ പ്രവര്‍ത്തനം.
വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തിന്‍റെ പുനരധിവാസത്തിനായി കേരളം മുന്നിട്ടിറങ്ങിക്കഴിഞ്ഞു. കേരളത്തിനകത്തും പുറത്ത് നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അല്ലാതെയും സഹായങ്ങളെത്തിക്കൊണ്ടിരിക്കുകയാണ്. ചലച്ചിത്രതാരങ്ങളും കായികതാരങ്ങളും വ്യവസായികളും തുടങ്ങി മൊബൈല്‍ഫോണ്‍ വാങ്ങാന്‍ വച്ചിരുന്ന സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ കുരുന്നുകളും ചായ വിറ്റ പണം നല്‍കിയ സുബൈദ ഉമ്മയും എന്നിങ്ങനെ നീളുന്നു ആ സ്നേഹച്ചങ്ങല.
വയനാട്ടിലെ ദുരന്തത്തില്‍ ഇതുവരെ 343 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇരുന്നൂറിലേറെപ്പേരെ കണ്ടെത്താനുണ്ട്. ആറുമേഖലകളിലായി തിരിഞ്ഞ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലാണെന്നും പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.