deepajoseph

ജീവിതത്തെക്കുറിച്ചുള്ള നിലപാടുകളും എടുത്ത തീരുമാനങ്ങളും മാറ്റാന്‍ സാഹചര്യങ്ങളാണ് മനുഷ്യര്‍ക്ക് കാരണങ്ങളാവുന്നത്. ഇവിടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ നഷ്ടം കണ്ട് മനസും ജീവിതവും മടുത്തൊരു അമ്മ വീണ്ടും അതേ ജോലിയിലേക്ക് തിരിച്ചെത്തിയ വാര്‍ത്തയാണ് പറയുന്നത്. 

കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവറാണ് ദീപ ജോസഫ്. സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശക്തി പുരസ്കാരമടക്കം നേടിയിട്ടുണ്ട്. എന്നിട്ടും തന്റെ എല്ലാമെല്ലാം ആയ പൊന്നുമോളുടെ വിയോഗം ആ അമ്മയെ ആശുപത്രിക്കിടക്കയിലാക്കി. പക്ഷേ നാടിനു സംഭവിച്ച ദുരന്തത്തെക്കുറിച്ച് കേട്ടതോടെ അവര്‍ ആശുപത്രിക്കിടക്കയില്‍ നിന്നെണീറ്റു. ഇന്ന് വയനാട്ടില്‍ വേദനയില്‍ നീറുന്ന ജീവിതങ്ങള്‍ക്കും ദീപ നല്‍കുന്ന ആശ്വാസവും കരുതലുമുണ്ട്. 

 10 മാസം മുൻപാണ്  മകൾ എയ്ഞ്ചൽ മരിയയുടെ അപ്രതീക്ഷിത മരണത്തോടെ ആംബുലൻസിന്റെ ഡ്രൈവിങ് സീറ്റ് കല്ലാച്ചി സ്വദേശിനി ദീപ ജോസഫ് (39) ഉപേക്ഷിച്ചത് . ചൂരൽമലയിലെ ഉരുൾപൊട്ടലിനെക്കുറിച്ചറിഞ്ഞാണു വീണ്ടും ആംബുലൻസെടുത്തത്. ഇപ്പോൾ 5 ദിവസമായി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരന്തഭൂമിയിൽ സജീവം. 

കല്ലാച്ചി വിലങ്ങാട് ഓട്ടപ്പുന്നയ്ക്കൽ ദീപ നാലര വർഷം മുൻപു കോവിഡ് കാലത്താണ് ആംബുലൻസ് ഡ്രൈവിങ്ങിലേക്കു തിരിയുന്നത്. 10 മാസം മുൻപ് മകൾ രക്താർബുദംമൂലം മരിച്ചു. ദീപ ശാരീരികമായും മാനസികമായും തളർന്നു. ഡ്രൈവിങ് ഉപേക്ഷിച്ചു. കല്ലാച്ചിയിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു ച‍ൂരൽമല ഉരുൾപൊട്ടലിനെക്കുറിച്ചു കേൾക്കുന്നത്.

 വടകര മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ഇ.കെ.അജീഷിന്റെ വിളി വന്നു.  ആംബുലൻസും ഫ്രീസറും സംഘടിപ്പിച്ചു മേപ്പാടിയിൽ എത്തിക്കാമോ എന്നായിരുന്നു ചോദ്യം. ആശുപത്രിക്കിടക്ക വിട്ട് ആംബുലൻസെടുത്ത് മേപ്പാടിക്കു വിട്ടു. പിന്നെ വിശ്രമമില്ലാത്ത സേവനം. ആദ്യ 3 ദിവസം വണ്ടിയിൽത്തന്നെ ഉറക്കം.