പേടിച്ചു വിറച്ച മുഖ്യനെ കണ്ടപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം കൊടുത്തേക്കാം എന്ന് കരുതിയെന്നും അത് ഭാവിയിൽ തനിക്ക് നാലു ചോദ്യം ചോദിക്കാൻ വേണ്ടിയാണെന്നും സംവിധായകന്‍ അഖില്‍ മാരാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന് അറിയിച്ചുകൊണ്ടുള്ള മാരാരുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വന്ന ഒരു കമന്‍റിന് മറുപടിയായാണ് മുഖ്യമന്ത്രിയെപ്പറ്റിയുള്ള ഈ മോശം പരാമര്‍ശം.
ഒരു ലക്ഷം കൊടുത്തു കേസ് പിൻവലിപ്പിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ് ഒന്നും നടക്കില്ല മാരാരെ എന്നായിരുന്നു കമന്‍റ്. അതിനുള്ള മാരാരുടെ മറുപടി ഇങ്ങനെയായിരുന്നു. 2 ജില്ലകളിൽ ഇപ്പോൾ കേസുണ്ട്. 2016ഇൽ പിണറായിയെ പരനാറി എന്ന് വിളിച്ചതിനു കേസെടുത്തതാണ്.
പേടിച്ചു വിറച്ച മുഖ്യന്റെ മോന്ത കണ്ടപ്പോൾ ഒരു ലക്ഷം കൊടുത്തേക്കാം എന്ന് കരുതി. ഭാവിയിൽ എനിക്ക് നാലു ചോദ്യം ചോദിക്കാൻ വേണ്ടി.
വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞിരുന്ന അഖില്‍ മാരാര്‍ കഴിഞ്ഞ ദിവസമാണ് നിലപാട് മാറ്റിയത്. സിഎംഡിആര്‍എഫില്‍ നിന്നും കെഎസ്എഫ്ഇക്ക് ലാപ്ടോപ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചു എന്ന ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞതിനാലാണ് തന്റെ വക ഒരു ലക്ഷം രൂപ നൽകുന്നതെന്ന് മാരാര്‍ വ്യക്തമാക്കിയിരുന്നു.
ഭാവിയിൽ കട്ട് മൂടിക്കില്ല എന്ന ഉറപ്പിലാണ് തന്റെ വക ഒരു ലക്ഷം നൽകുന്നതെന്നും ഈ വരുന്ന തുകയിൽ സഖാക്കന്മാരുടെ കീശ വീർത്താൽ മുഖ്യമന്ത്രി കൂടുതൽ വിയർക്കുമെന്നും മാരാര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.