TOPICS COVERED

കാക്കകള്‍ വീടിനകത്ത് കയറി തുണിയടക്കമുള്ള സാധനങ്ങള്‍ നശിപ്പിച്ചാലോ. അങ്ങനെ കാക്കകളെകൊണ്ട് പൊറുതിമുട്ടിയ ഒരു കുടുംബമുണ്ട് മലപ്പുറം പോരൂരില്‍. പൂത്രക്കോവ് സ്വദേശി ശ്രീധരനും കുടുംബവുമാണ് കാക്കകളുടെ ശല്യത്തില്‍ ഭീതിയിലായിരിക്കുന്നത്. 

പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഈ വീട്ടിലെ ഒന്നും പുറത്തുവെക്കാൻ പറ്റാത്ത അവസ്ഥയാണ്. വസ്ത്രങ്ങള്‍ പുറത്തിട്ടാല്‍ കാക്കകളെത്തി നശിപ്പിക്കും. വാതിലോ ജനലോ തുറന്നാൽ അകത്തിട്ടതും കൊണ്ടുപോകും. ജനലും വാതിലും തുറന്നിടാതായതോടെ എയർഹോളിനകത്തുകൂടെയും ഔട്ട് ഫാനിന്‍റെ  വിടവിനിടയിലൂടെയും അകത്തുകയറി സാധനങ്ങൾ കൊത്തി നശിപ്പിക്കാനും വിലിച്ചുകൊണ്ടുപോകുവാനും തുടങ്ങി. സാധനങ്ങൾ നഷ്ടപ്പെടാൻ തുടങ്ങിയതോടെ ആദ്യമൊക്കെ ആളുകളെ സംശയിച്ച കുടുംബം പിന്നീടാണ് കാക്കയാണ് വില്ലനെന്ന് തിരിച്ചറിയുന്നത്.

കട്ടിയുള്ള വസ്ത്രങ്ങളടക്കം കാക്ക കീറി നശിപ്പിച്ചിട്ടുണ്ട്. ശല്യം കടുത്തതോടെ വീടിൻ്റ അടുക്കളക്കു ചുറ്റും വല സ്ഥാപിച്ചെങ്കിലും അതും കാക്കകൾ നശിപ്പിച്ചു. ഇതിനകം വലിയൊരു തുകയുടെ നാശനഷ്ടമാണ് കാക്കകളുണ്ടാക്കിയതെന്ന് കുടുംബം പറയുന്നു. പഞ്ചായത്തിലടക്കം പരാതി അറിയിച്ചെങ്കിലും പരിഹാര നടപടികളുണ്ടായിട്ടില്ല.