കാഴ്ച പരിമിതി മറികടന്ന് ജീവിത വിജയം നേടിയ ഒരു വീട്ടമ്മയുടെ കഥയാണിനി. ഇടുക്കി മുട്ടം തുടങ്ങനാട് സ്വദേശി ജാസ്മിനാണ് ആ വീട്ടമ്മ. അകക്കണ്ണിന്റെ വെളിച്ചത്തിൽ തുടങ്ങിയ ഉണ്ണിയപ്പ കച്ചവടത്തിലൂടെ ഇന്ന് 12 കുടുംബങ്ങൾക്ക് അത്താണിയാണ് ജാസ്മിൻ.
എരുതീയിൽ നിന്ന് വറചട്ടിയിലേക്കെന്ന പ്രയോഗം പോലെയായിരുന്നു ഒരു കാലത്ത് ജാസ്മിന്റെ ജീവിതം. സെറിബ്രൽ പാൾസി ബാധിച്ച മകൻ അഖിലിന്റെ ചികിത്സകളുമായി മുന്നോട്ടു പോകുമ്പോഴാണ് കാഴ്ച നഷ്ടപ്പെട്ടത്. പക്ഷേ തളർന്നില്ല. പിന്നീട് അങ്ങോട്ട് തന്റെ ജീവിതം വഴി ജാസ്മിൻ അതിജീവനം എന്തെന്ന് കാണിച്ചു തന്നു.
രണ്ട് കിലോ പച്ചരിയിൽ നിന്ന് ഉണ്ണിയപ്പങ്ങൾ ഉണ്ടാക്കിയായിരുന്നു തുടക്കം. കഴിച്ചവരെല്ലാം ഉണ്ണിയപ്പം തേടി വീണ്ടും എത്തിയതോടെ ചെറിയതോതിൽ കച്ചവടത്തിലേക്ക് തിരിഞ്ഞു. വീടിന്റെ അടുക്കളയിൽ തുടങ്ങിയ ബിസിനസ് പതിയെ പതിയെ സമീപത്തെ ഷെഡിലേക്ക് മാറ്റി. ഇന്ന് ദിവസേന ആയിരത്തിലധികം ഉണ്ണിയപ്പ പാക്കറ്റുകളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.
ഭരണങ്ങാനം പള്ളിയിലും അരുവിത്തറ പള്ളിയിലും നേർച്ചയപ്പങ്ങൾ എത്തുന്നത് ജാസ്മിൻ തുടങ്ങിയ സംരംഭത്തിൽ നിന്നാണ്. ജാസ്മിനെ പൂർണ്ണപിന്തുണയുമായി ഭർത്താവ് അജിയും ഒപ്പമുണ്ട്. ബിസിനസ് ഇനിയും വളർത്തി കൂടുതൽ കുടുംബങ്ങൾക്ക് കൈത്താങ്ങ് ആകാനാണ് ജാസ്മിന്റെ തീരുമാനം.