മനസ്സിനും കണ്ണിനും കുളിരേകുന്ന കാഴ്ചയുമായി കാസർകോട് ഒരു വെബ് ഡെവലപ്പർ. കാലിച്ചാനടുക്കം സ്വദേശിയായ രാഹുൽ തന്റെ അധ്വാനത്താൽ നിർമിച്ചെടുത്തത് അത്യുഗ്രൻ പൂപ്പാടമാണ്. കാണാം രാഹുലിന്റെ പൂപ്പാടത്തെ വിശേഷങ്ങൾ.
പരന്നു കിടക്കുന്ന ഈ ചെണ്ടുമല്ലിപ്പാടങ്ങൾ ആരെയും ആകർഷിക്കും. 50 സെന്റിലാണ് ഓണവിപണി ലക്ഷ്യമിട്ട് രാഹുൽ ഇത്തവണ കൃഷിയിറക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ വെബ് ഡെവലപ്പറായി ജോലി ചെയ്യുന്ന രാഹുൽ കോവിഡ് കാലത്താണ് കൃഷിയിൽ ഒരുകൈ നോക്കിയത്.
കഴിഞ്ഞ ഓണക്കാലത്ത് രാഹുലിന്‍റെ പാടത്ത് നിന്നും വിറ്റു പോയത് 170 കിലോ ചെണ്ടുമല്ലി പൂക്കളാണ്. ഇത്തവണ അത് 700 കിലോയിൽ അധികം എത്തിക്കാനാകുമെന്നാണ് ഈ ചെറുപ്പക്കാരന്റെ പ്രതീക്ഷ. രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയും രാത്രി മൂന്നോ നാലോ മണിക്കൂറോ രാഹുലിന് ജോലിയുണ്ട്. ഇതിനിടയിൽ കിട്ടുന്ന സമയത്താണ് കൃഷി.