baby

TOPICS COVERED

വയനാടിന്റെ ഹൃദയം തൊട്ട സാഹിത്യകാരൻ കെ.ജെ. ബേബിക്ക് നാട് യാത്രാ മൊഴി നൽകി. സംസ്കാരം തൃശിലേരിയിലെ ശാന്തി കവാടത്തിൽ നടന്നു. കനത്ത ദുഃഖത്തിനിടയിലും പ്രിയപ്പെട്ട പിതാവിനെ പാട്ടുപാടിയാണ് മകൾ ശാന്തിപ്രിയ  യാത്രയാക്കിയത്.

 

അപ്രതീക്ഷിതമായിരുന്നു ബേബി മാഷിന്റെ വിയോഗം. ആ ഞെട്ടൽ കുടുംബത്തിനും ശിഷ്യർക്കും വിട്ടുമാറിയിട്ടില്ല. നടവയലിലെ പൊതുദർശനത്തിനു ശേഷം ഒന്നേകാലോടെയാണ് കെ.ജെ. ബേബിയുടെ മൃതദേഹം തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിന്റെ തൃശ്ശിലേരിയുള്ള ശാന്തി കവാടത്തിലെത്തിച്ചത്. ഒടുവിലത്തെ യാത്രയ്ക്ക് ഒരുങ്ങിയ പിതാവിനെ മകൾ ശാന്തിപ്രിയ പാട്ടുപാടിയാണ് യാത്രയാക്കിയത്

രമണ മഹർഷിയുടെ കീർത്തനങ്ങൾ ഉൾപ്പെടെ പാടിയാണ് ബാവുൾ ഗായികയായ ശാന്തിപ്രിയ യാത്രാമൊഴിയേകിയത്. കരച്ചിലിനെക്കാൾ ഉള്ള് നിറച്ച പാട്ടിനു ശേഷിയുണ്ടെന്നായിരുന്നു മാഷിന്റെ പക്ഷം. അതുകൊണ്ടാണ് പാട്ടുപാടിയുള്ള യാത്ര പറച്ചിൽ. നൂറുകണക്കിനാളുകളാണ് സംസ്കാര ചടങ്ങിൽ എത്തിയത്. മാഷിന്റെ ആഗ്രഹ പ്രകാരം ചിതാഭസ്മം കബനിയിൽ നിമജ്ജനം ചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം. 

കെ.ജെ ബേബി മാഷിനെ കഴിഞ്ഞദിവസമാണ് നടവയലിലെ കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കനവിന്റെ പിതാവിന്, സന്ധിയില്ലാത്ത പോരാട്ടത്തിന്, കാടിന്റെ മക്കൾക്കായുള്ള കഠിന പ്രയത്നത്തിന് ഇനി പൂർണ വിശ്രമമാണ്.

ENGLISH SUMMARY:

Wayanad's heartwarming adieu to K.J Baby