കേരളം കണക്കെ പച്ചനിറമുള്ള വാഴയിലയിലേക്ക് രണ്ടുതവി ചോറും പിന്നെ നെയ്യും പരിപ്പും സാമ്പാറും അവിയലും ഓലനും കാളനും സാമ്പാറും പപ്പടവും അങ്ങനെ ഒടുവില്‍ അടപ്രഥമനും കഴിച്ചങ്ങനെ കല്യാണങ്ങളും സദ്യകളും പിന്നിട്ട്..... പിന്നിട്ട്............. എന്നിട്ട്? ഒരു മാറ്റവുമില്ലാതങ്ങനെ.‘ഒന്നാം പപ്പടലഹളയും’ ‘രണ്ടാം പായസയുദ്ധ’വുമൊക്കെ കഴിഞ്ഞ് പപ്പടത്തിന്റെ കുമിളയില്‍ വേണ്ടത്ര വായുവില്ലെന്നും ഉപ്പേരിക്ക് ഷേപ്പില്ലായിരുന്നുവെന്നും പറഞ്ഞ് തിരിഞ്ഞുകിടന്നുറങ്ങുന്നതല്ലാതെ സദ്യയില്‍ എന്തുമാറ്റം?

സമുദ്രസദ്യയെന്നും കടലൂണെന്നും പറഞ്ഞ് ചില ഹോട്ടലുകാര്‍ നമ്മെ വലവീശിപ്പിടിക്കാന്‍ ഇറങ്ങുന്നതല്ലാതെ എന്ത് ഇന്നൊവേഷന്‍? മില്ലെനിയല്‍സും ജനറേഷന്‍ സീയും കൊറിയന്‍ ഡ്രാമ കണ്ട് കൊറിയന്‍ ബുള്‍ഗോഗിയും തുക്ബോക്കിയും കഴിച്ച്  തലകുമ്പിട്ടിരിക്കുന്ന ഫാസ്റ്റ്ഫുഡ് തലമുറയ്ക്ക് ഇരുന്നുണ്ണാന്‍ സമയമുണ്ടോ? മാത്രമല്ല, 3000 കാലറി കാര്‍പറ്റ് ബോംബിങ്ങിന്റെ ആഘാതം താങ്ങാന്‍ എത്രമാത്രം വര്‍ക്കൗട്ട് വേണ്ടിവരും?

ചെന്നൈയില്‍ നടന്ന ബ്രാഹ്മണാള്‍ സദ്യയില്‍ വിളന്തപ്പെട്ട വിഭവങ്ങള്‍ അടുത്തകാലത്ത് ട്രെന്‍ഡിങ് ആയിരുന്നു. അതിലേക്കൊന്നു പോയി വരാം.‘നമസ്കാരം, അശോക്ഗറില്‍ നടന്ത നിശ്ചയദാന്ത വിരുന്തില്‍ പരിപാരപ്പെട്ട കമല വണ്‍ ഡിന്നര്‍ മെനു – കിവി ആപ്പിള്‍ ഹല്‍വ, ഗുലാബ് രസ്മലായ്, ചന്ന മുര്‍കി, ബ്രോക്കലി ചെതര്‍ സൂപ്പ്, പിസ്തോ ഗാര്‍ലിക് ബ്രെഡ്, ചോളം പനിയാരം പൊടി പുരട്ടല്‍, പനീര്‍ ടിക്ക, കറിവേപ്പിലൈ പൊടി ഫ്രഞ്ച് ഫ്രൈസ്, രാജ്മ സലാഡ്, സ്വീറ്റ് കോണ്‍ തൈര് പച്ചടി, കോവയ്ക്കായ് തൊക്ക്, വാഴൈ സോയാ ചോപ്സ്, മാങ്കായ് ഊരുകായ്, ലെമണ്‍ ഊരുകായ്, റെഡ് റൈസ് പുട്ട്, നേന്തിരന്‍ പഴം തേന്‍, താമരൈ ഇതള്‍ പായസം, മിനി പൊറോട്ട, ബട്ടര്‍ റൊട്ടി, അലമേയ് മാങ്കായ് കറി, കോഫ്ത ബ്രിന്ദാവന്‍, ഇളനീര്‍ ഇഡലി, വേര്‍കടലൈ ഇഡലി, തക്കാളി തൊക്ക് ഊത്തപ്പം, തേങ്കായ് ചട്നി, സാമ്പാര്‍, പൂരി, ചന്നാ മസാല, വെജിറ്റബിള്‍ ബിരിയാണി, വാഴയ്ക്കായ് ചിപ്സ്, തൈര്‍ സാദം, വത്തല്‍ കുഴമ്പ്, വാഫിള്‍, ബ്രാക് കറന്റ് ഐസ്ക്രീം, നറുക്കിയ പഴാദികള്‍, ബീഡ’

ഒടുവില്‍ ഒരു റൊമ്പ റൊമ്പ സന്തോഷവും നമസ്കാരവും – അപ്പോള്‍ മാറ്റം അതിര്‍ക്കപ്പുറത്ത് എത്തിയിട്ടുണ്ട്. എന്റെ മുറിത്തമിഴ് വിഭവങ്ങളുടെ പേരുവയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവാം. മന്നിച്ചിടുങ്കോ.

നെയ്യിലും പരിപ്പിലും പച്ചടിയിലും  തുടങ്ങി ഒടുവില്‍  പച്ചമോര് ഒഴിച്ച് ചിട്ടവട്ടങ്ങള്‍ പാലിക്കുന്ന ഒരു പാരമ്പര്യരുചിസദ്യാവാദി വിളമ്പുന്ന കുറിപ്പാണിത്. സദ്യയുണ്ടെന്നറിഞ്ഞു മാത്രം പല കല്യാണങ്ങള്‍ക്കും പോയിട്ടുള്ളവന്‍. സ്വന്തം കല്യാണത്തിനും സദ്യ വിളമ്പാന്‍ കൊതിച്ചെങ്കിലും അതിന്റെ രണ്ടാഴ്ച മുന്‍പ് ഒരു സദ്യയ്ക്കുശേഷം നടന്ന അടി കണ്ട് വേണ്ടെന്നു വച്ചവന്‍. പോത്തും പന്നിയും കോഴിയും പ്രതീക്ഷിച്ച് പത്തനംതിട്ടയ്ക്കടുത്ത് കോന്നി കലഞ്ഞൂരില്‍ സുറിയാനി ക്രിസ്ത്യാനി കല്യാണത്തിെനത്തിയവരെ ഞെട്ടിച്ച വിരുന്ന്. ഒന്നും കടിക്കാനും ചവയ്ക്കാനും കിട്ടിയില്ലെന്ന് പറ‍ഞ്ഞ് വധുവിന്റെ കൂട്ടര്‍ ഉടക്കിട്ടു. വരന്റെ അച്ഛന് നായര്‍ സുഹൃത്തുക്കള്‍ ഏറെയുണ്ടെന്നും അവരെ കരുതിയാണ് പച്ചക്കറി സദ്യയെന്നും മറുകൂട്ടര്‍. നായരുടെ സദ്യ നിന്റെ അച്ചിക്ക് കൊടടാ എന്നു പറഞ്ഞ് അവനെ വധുവിന്റെ കൂട്ടര്‍ പപ്പടം പൊടിക്കുംപോലെ പൊടിച്ചു. പച്ചക്കറി സദ്യയില്‍ അങ്ങനെ ആദ്യമായി രക്തം പുരണ്ട് നോണ്‍വെജായി. ഒടുവില്‍ ഉണ്ടതെല്ലാം അടിച്ചൊതുങ്ങിയപ്പോള്‍ എല്ലാവരും മടങ്ങി.

അപ്പോള്‍ ഇന്നവേഷന്‍: How can we innovate traditional Kerala Sadya എന്ന് പ്രോംപ്റ്റ്  നല്‍കി – ചാറ്റ് ജിപിടി 4 ന്റെ പിന്‍ബലത്തോടെ കോപൈലറ്റിന്റെ മറുപടി കിട്ടി.  മട്ടയരിയും അവിയലും നിറച്ച സദ്യ സുഷി റോള്‍, തന്തൂരി പനീര്‍ റോള്‍, തന്തൂരി അവിയല്‍, തേങ്ങ മാങ്ങ ഗസ്പാചോ (പാകം ചെയ്യാത്ത പച്ചക്കറികള്‍ ചേര്‍ത്ത സൂപ്പ്), ബീറ്റ് റൂട്ട് പച്ചടി ബ്രുസ്കെറ്റ (ശരിക്കും ഒലിവ് ഓയിലില്‍ കുളിച്ച ഇറ്റാലിയന്‍ ബ്രെഡ്, വെളുത്തുള്ളിക്കോ തക്കാളിക്കോ ഒപ്പം വിളമ്പും), ചക്ക ബിരിയാണി, അവിയല്‍ ഹുമ്മുസ് (കപ്പ ചിപ്സിനൊപ്പം വിളമ്പണം), മത്തങ്ങ എരിശേരി ടാകോസ്, വാഴയ്ക്ക കൂമ്പ് ഫലാഫല്‍, സ്പൈസ്ഡ് ചോക്കലേറ്റ് സമൂസ,  പായസം പന കോട്ട, ശര്‍ക്കര ഇളനീര്‍ ഐസ്ക്രീം എന്നിങ്ങനെ. ഹെല്‍തി വേര്‍ഷനും ഉണ്ട് – കിന്‍വ (Quinoa) പരിപ്പുകറി, ബേക് ചെയ്ത നേന്ത്രക്കായ ഉപ്പേരി തുടങ്ങി തിരിച്ചുംമറിച്ചും എന്തുമാവാം. ഇപ്പോഴത്തെ ട്രെന്‍ഡ് പ്രകാരം കുഴിമന്തി കാളനും ഷവര്‍മ ഓലനും മയൊണൈസ് ഇഞ്ചിക്കറിയുമൊക്കെ പരീക്ഷിക്കാവുന്നതാണ്. അവിയലും ഒരുകാലത്ത് ഒരു പരീക്ഷണമായിരുന്നു എന്നോര്‍ക്കുക.  

സദ്യയില്‍ ഒരുമാറ്റവുമില്ലേ? ഉണ്ടല്ലോ!!! ഇഷ്ടുവും ബീറ്റ് റൂട്ട് പച്ചടിയും മാത്രമല്ല സാമ്പാറും അവിയലും വരെ പരദേശികളാണ്. പപ്പടത്തിന്റെ ജനനം ബിഹാറിലാണോ ടിബത്തിലാണോ എന്നതിനെക്കുറിച്ച് ഇപ്പോഴും ധാരണയില്ല. ബുദ്ധമതക്കാര്‍ വഴിയാണത്രേ കേരളത്തിലെ സദ്യയിലേക്കുള്ള വരവ്. പരിപ്പ് മാത്രമല്ല പരിപ്പെടുക്കുക എന്ന പ്രയോഗവും വന്നത് ആര്യ അധിനിവേശത്തിനു ശേഷമാണ്. തഞ്ചാവൂര്‍ ഭരിച്ചിരുന്ന ഷാഹുല്‍ജി എന്ന മറാഠാ രാജാവിന്റെ സഹോദരന്‍ സാമ്പാജിക്കു വേണ്ടി ആദ്യം തയ്യാറാക്കിയതിനാലാണ് സാമ്പാര്‍ എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. ഓലനും കാളനും എരിശേരിയും മാത്രമാണത്രേ മുണ്ടുടുത്ത മലയാളികള്‍.

600 കാലറിയായിരുന്നു അന്നത്തെ സദ്യ. ഇന്ന് മാറി മൂവായിരം വരെയായി. ഇന്നവേഷന്‍ വന്ന് ഇനിയും കാലറി കൂട്ടാതിരിക്കുകയാണ് നല്ലത്.

ഇലയ്ക്കു മുന്നില്‍ മലയാളി ഇരുന്നുണ്ട് തുടങ്ങിയിട്ട് ഒന്നോ ഒന്നരയോ നൂറ്റാണ്ട് മാത്രമേ ആയിട്ടുള്ളൂ. തുടക്കം ചോറ്, നെയ്യ്, പിന്നെ സ്വന്തം ചുറ്റുവട്ടത്ത് വിളയുന്ന പച്ചക്കറിയും കിഴങ്ങും.  ചക്ക, മാങ്ങ, ചീര    തുടങ്ങിയവയാണു പ്രധാന 'അടിസ്ഥാന വിഭവങ്ങൾ'. എരിവും പുളിയും നന്നേ കുറവ്. കാളൻ പ്രധാന കറി. പിന്നെ ഒാലനും എരിശേരിയും മോരും. ഡെസേര്‍ട്ടായി അടപ്രഥമന്‍ മാത്രം.

'ഓണത്തപ്പാ

കുടവയറാ

തിരുവോണക്കറിയെന്തെല്ലാം..?

ചേനത്തണ്ടും ചെറുപയറും

കാടും പടലുമെരിശേരീം

കാച്ചിയ മോരും നാരങ്ങാക്കറി

പച്ചടി കിച്ചടിയച്ചാറും...'

പഴയകാല സദ്യയിലെ വിഭവങ്ങള്‍ എന്തൊക്കെയെന്ന സൂചന നല്‍കുന്ന പഴയപാട്ട് തന്നെ ഇതിനൊക്കെ തെളിവ്. വി.ടി. എഴുതിയതുപോലെ ഉണ്ടും ഉറങ്ങിയും ഉണ്ണിയെ ഉണ്ടാക്കിയും കഴിഞ്ഞ നാളുകളിലേതാവാം. അടുക്കളയിലായായും അരങ്ങത്തായാലും  ഒരു ട്വിസ്റ്റ് വേണ്ടേ. അത് സദ്യയായാലും. ആന്ധ്രയില്‍ നിന്ന് അരിയും തമിഴ്നാട്ടില്‍ നിന്ന് ഇലയും പച്ചക്കറിയും കൊണ്ട് വെറുതെയിരുന്നു സദ്യയുണ്ണുന്നവരെ ഒന്ന് ഞെട്ടിക്കേണ്ടേ?

ആറന്മുള വള്ളസദ്യ

കേരളത്തിലെ കൊതിപ്പിക്കുന്ന രുചികളെല്ലാം ഒരു ഇലയില്‍ – ഒപ്പം പാട്ടും. നാവിനു രുചി, പലവിധ വിഭവങ്ങള്‍ ചേരുമ്പോഴുള്ള സുഗന്ധം,  കാതിനിമ്പം,  കണ്ണുനിറയെ വള്ളം കളിയും. ഒത്തൊരുമ തൊട്ടറിയാം. പഞ്ചേന്ദ്രിയങ്ങളെ എല്ലാം ആനന്ദിപ്പിക്കുന്ന മറ്റൊരു സദ്യ ആറന്മുളയിലേതുപോലെ ലോകത്തുണ്ടാവില്ല. മലയാളത്തിന്റെ പാരമ്പര്യവും.

അന്നദാനപ്രഭുവായ ആറന്മുളയപ്പന്റെ സദ്യയുടെ രുചി അറിയാന്‍ പടിഞ്ഞിരുന്ന് ഉണ്ണാനുള്ള പ്രാവീണ്യം മാത്രമല്ല വേണ്ടത്. തോണി തുഴഞ്ഞെത്തുന്നവര്‍ക്കാണ് പ്രമുഖ സ്ഥാനം. ഇല നിറയണമെങ്കില്‍  പാടാന്‍ അറിയണം, ഭാഷ അറിയണം. പാരമ്പര്യവും രുചിയും ഭാഷയും സാഹിത്യവും കരുത്തും പാട്ടും താളവും ഒക്കെ േചരുന്ന അപൂര്‍വ ഓര്‍ക്കസ്ട്ര.

ഈ സദ്യയില്‍ നിരക്കുന്നത് എഴുപതോളം വിഭവങ്ങള്‍. ചോറും കറികളും പ്രഥമനും  മാത്രമല്ല നാലുമണിപ്പലഹാരങ്ങള്‍ വരെ. ചോറും അവിയലും സാമ്പാറും  കാളനും ഒാലനും പോലെയുള്ള പതിവ് വിഭവങ്ങള്‍ക്കു പുറമേ   ചേമ്പ് , ചേന ഉപ്പേരി, ആറന്മുള വറുത്തെരുശേരി, ഉപ്പുമാങ്ങ, മടന്തയിലത്തോരൻ, തകരയിലത്തോരൻ,  ശർക്കരവരട്ടി, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം, കൽക്കണ്ടം, ശർക്കര, പഞ്ചസാര, ഉണക്ക മുന്തിരിങ്ങ, കരിമ്പ് എന്നിങ്ങനെ അത്ര പതിവില്ലാത്തതുമായ വിഭവങ്ങള്‍ നിറയും. എല്ലാംകൂടി എങ്ങനെ കഴിക്കുമെന്നോര്‍ത്ത് പേടിക്കേണ്ട. അതറിഞ്ഞാണ് വിളമ്പ്. പരിപ്പുവടയ്ക്ക്  എള്ളുണ്ടയുടെ വലിപ്പമേ ഉണ്ടാവൂ.

ഇതില്‍ ഇരുപത് വിഭവങ്ങള്‍ കിട്ടണമെങ്കില്‍ പാടിച്ചോദിക്കണം. വിശക്കുന്ന വയറിന് വല്ലതും തരണേ എന്ന് വയറ്റത്തടിച്ച് ബസ് സ്റ്റാന്‍ഡുകളില്‍ പയ്യന്മാര്‍ പാടിച്ചോദിച്ചിരുന്നതു പോലെയല്ല. പ്രാസവും കാവ്യഭംഗിയും കുറുക്കിയെടുത്ത് അല്‍പം കുസൃതി വറുത്ത് മുകളില്‍ തൂവിയ പ്രഥമന്‍ പോലത്തെ പാട്ടുകളാണിത്. അങ്ങനെ ഉണ്ണാനിരുന്നു. പാട്ടുതുടങ്ങി.

''പത്രംനിരത്തി വടിവോടിഹ

പന്തിതോറും

ചിത്തംകുളിർക്കെ വിഭവം

പലതും വിളമ്പി

വമ്പാർന്ന പർപ്പടകമൻപൊടു

കൂട്ടിയുണ്ണാൻ

നല്ലോരു തുമ്പനിറമുള്ള

ചോർ തരേണം...''

ചൂടുചോറിലേക്ക് നെയ്യൊഴിക്കാന്‍ വരുമ്പോഴേ തുടങ്ങും കുസൃതി. 'നറുനെയ്യ് നമുക്കുവേണ്ട... തെയ് തെയ് തകതെയ് തെയ് തോം... നറുനെയ്യ് നമുക്കുവേണ്ട... തിത്തത്താ തെയ് തെയ് തോം. നറുനെയ്യ് നമുക്കുവേണ്ട... വെണ്ണ തന്നെ നൽകീടേണം...'..പിന്നെ കാര്യം കാണാനുള്ള വഴികള്‍.

''തേന്മാമ്പഴം പുതിയ ശർക്കര പഞ്ചസാര

വാഴപ്പഴം വടയുമെൾപ്പൊരിയുണ്ടതാനും

കൽക്കണ്ടമോടു പനസച്ചുള മുന്തിരിങ്ങാ

സൽക്കാരമാർന്നു തരുവോർക്കൊരു പൈതലുണ്ടാം...''

സന്താനസൗഭാഗ്യം ഉള്‍പ്പെടെ വഴിപാടുകാരന്റെ ആവശ്യമറിഞ്ഞുള്ള പ്രലോഭനമാണിത്. അതു നടന്നില്ലെങ്കില്‍ ആവേശം കൂടും – ഭീഷണിയാവും.

''മല്ലാക്ഷിമാർകളരി പാരമിടഞ്ഞു നന്നായ്

ഉല്ലാസമോടരിയിടിച്ചിലയിൽ പതിച്ച്

ചൊല്ലാർന്നടപ്രഥമനിങ്ങു തരാതിരുന്നാൽ

മല്ലാരിയാണെ വെറുതേ കലഹം ഭവിക്കും...''എല്ലാം കിട്ടി മനസും വയറും നിറഞ്ഞ് പോകുംവഴി എല്ലാവരെയും നന്ദി അറിയിക്കും.

'ശിഷ്ടജനപാലകനേ

അഷ്ടിയുണ്ടു മൃഷ്ടമായി

ഇഷ്ടവരദാനമേകി അനുഗ്രഹിക്ക...' ഇങ്ങെനെയെങ്ങുണ്ടാവും മലയാളിയുടെ മനം നിറയ്ക്കുന്ന മറ്റൊരു ആഘോഷസദ്യ!

ENGLISH SUMMARY:

Does generation Z have an interest in Ona Sadhya? Memoir of a ardent Sadya fan