trivandrum-award

ഏറ്റവും മികച്ച കുടിവെള്ള വിതരണത്തിനും സെപ്റ്റേജ് മാലിന്യം മികച്ച രീതിയിൽ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരണം ചെയ്യുന്നതിനുമുള്ള പുരസ്കാരങ്ങള്‍ തിരുവനന്തപുരം നഗരസഭയ്ക്ക്.  നഗരത്തിൽ ജനങ്ങൾക്ക് മികച്ച സേവനങ്ങളുമായി നഗരസഭ മുന്നോട്ട് പോകുന്നു എന്ന കുറിപ്പിനൊപ്പമാണ് ഈ വാര്‍ത്ത മേയര്‍ ആര്യ രാജേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.

മേയറുടെ കുറിപ്പ്;

കേന്ദ്രസർക്കാരിന്റെ HUDCOയുടെ നഗര സദ്ഭരണത്തിലേയും സാനിറ്റേഷൻ വിഭാഗത്തിലേയും രണ്ട് പുരസ്കാരങ്ങൾ തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കി. നഗരത്തിൽ ടാങ്കർ വഴി കുടിവെള്ളം ജനങ്ങൾക്ക് വിതരണം ചെയ്യുന്ന മികച്ച സംവിധാനം നടപ്പാക്കിയതിന് രാജ്യത്ത് ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭയ്ക്ക്. 

കൂടാതെ നഗരത്തിലെ വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സെപ്റ്റേജ് മാലിന്യം മികച്ച രീതിയിൽ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് രാജ്യത്ത് മൂന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭ നേടി. കുടിവെള്ള വിതരണവും, മാലിന്യ സംസ്കരണവും തിരുവനന്തപുരം നഗരസഭ ഉന്നത നിലവാരത്തിൽ നടപ്പാക്കുന്നതിന്റെ തെളിവാണ് ഈ പുരസ്കാരങ്ങൾ. നഗരത്തിൽ ജനങ്ങൾക്ക് മികച്ച സേവനങ്ങളുമായി നഗരസഭ മുന്നോട്ട് പോകുന്നു.

ദിവസങ്ങളോളം നഗരത്തില്‍ കുടിവെള്ളം കിട്ടാതെ ജനം വലഞ്ഞ വാര്‍ത്തയ്ക്കു തൊട്ടുപിന്നാലെ പുരസ്കാര വാര്‍ത്ത എത്തുന്നത് എന്നതാണ് വിരോധാഭാസം. ഇപ്പോഴും തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും കുടിവെള്ള വിതരണം സാധാരണ നിലയിലായിട്ടില്ല എന്ന ആരോപണമുണ്ട്. തിരുവോണത്തിന്‍റെ അന്നുപോലും ഒരു തുള്ളി വെള്ളം കിട്ടിയില്ലെന്ന് പറഞ്ഞ് ഒട്ടനവധി പേര്‍ രംഗത്തെത്തിയിരുന്നു. തൃക്കണ്ണാപുരം, വഞ്ചിയൂർ വാർഡുകളിലാണ് ഓണത്തിനും കുടിവെള്ളം മുടങ്ങിയത്. 

സാങ്കേതിക തടസ്സങ്ങളാണ് പ്രശ്നമെന്ന് പറയുമ്പോഴും കുടിവെള്ളത്തിന് പകരം സംവിധാനം ഒരുക്കുന്നതിലും നഗരസഭ പരാജയപ്പെട്ടു. ഇപ്പോഴും ജലവിതരണം സാധാരണഗതിയിലാകാത്തതിന് കാരണം കൃത്യമായ പ്ലാനിങ് ഇല്ലാത്ത പ്രവര്‍ത്തനങ്ങളാണെന്ന വിമര്‍ശനം ശക്തമാണ്.

മാലിന്യ നീക്കത്തിന്‍റെ കാര്യത്തിലാണെങ്കില്‍, ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ജോയി മരണപ്പെട്ട വാര്‍ത്ത ഇനിയും മലയാളികള്‍ മറന്നിട്ടില്ല. ഇപ്പോഴും സ്വന്തമായി വീടെന്ന സ്വപ്നവുമായി ജോയിയുടെ അമ്മ ആ ഇടിഞ്ഞുവീഴാറായ വീട്ടില്‍ തന്നെയുണ്ട്. ജോയിയെ രക്ഷപ്പെടുത്താന്‍ സര്‍വസന്നാഹങ്ങളുമെത്തിയിട്ടും കുമിഞ്ഞുകൂടിയ മാലിന്യമാണ് ജോയിയെ മറച്ചുവച്ചിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ മാലിന്യനീക്കത്തിന്‍റെ ‘മികച്ച സേവനം’ എന്താണെന്ന് ജനം കണ്ടതുമാണ്.

ENGLISH SUMMARY:

Trivandrum is in first place for water supply in India. Third in waste management system. Mayor Arya Rajendran's poster goes viral on social media.