mammadikka

TOPICS COVERED

വയസ് നൂറ് കഴിഞ്ഞില്ലേ, വീട്ടിലിരുന്നുകൂടേ എന്ന് ചോദിക്കുന്നവരോട് പാലക്കാട് പുതുപ്പള്ളി തെരുവിലെ മമ്മദിക്ക പറയുന്നൊരു മറുപടിയുണ്ട്. അധ്വാനിക്കാനുള്ള മനസുണ്ടെങ്കില്‍ ജീവിതം കൂടുതല്‍ മനോഹരമാവും. ആരുടെയും സഹായം ആഗ്രഹിക്കാതെ നൂറ്റി മൂന്നാം വയസിലും പൂ വില്‍പ്പനയിലൂടെ ഉപജീവനം നടത്തുന്ന മമ്മദിക്ക എല്ലാ തലമുറകള്‍ക്കും പ്രചോദനമാണ്.  

 

ഉദയങ്ങളേറെക്കണ്ടുള്ള ന‌ടത്തമാണ്. ഉറച്ച കാലടികള്‍ക്ക് പിന്നില്‍ നിറയെ ജീവിതാനുഭവങ്ങളുണ്ട്. സമര്‍പ്പണമുണ്ട്. പൂ കോര്‍ത്ത് ജീവിതഗന്ധിയായ അനുഭവം തീര്‍ത്ത പൂ മമ്മദിക്ക. പ്രായം എത്രയെന്ന് ചോദിച്ചാല്‍ നൂറ്റി മൂന്ന് കടന്നെന്ന് ഉറക്കെപ്പറയും. പ്രായം എത്രയായാലും ശീലങ്ങളില്‍ മാറ്റമില്ല. എണ്‍പത് വര്‍ഷത്തിലേറെയായി പൂക്കള്‍ കോര്‍ത്ത് ജീവിതം തുന്നിപ്പിടിപ്പിക്കാന്‍ തുടങ്ങിയിട്ട്. മക്കളായി. ചെറുമക്കളായി.

Also Read : മോദിയുടെ ‘മന്‍ കി ബാത്തി’ല്‍ കടന്നുവന്ന ആ മലയാളി ചില്ലറക്കാരനല്ല; ഇതാ സുബ്രഹ്മണ്യന്‍

നാല് തലമുറ പിന്നിടുമ്പോഴും നാലണയ്ക്കായി ആരോടും കൈനീട്ടിയിട്ടില്ല. ഇനിയും അങ്ങനെ തന്നെയാകണം എന്ന ആഗ്രഹമാണ് ഈ യാത്ര ഇങ്ങനെ തുടരുന്നതിന്‍റെ അടിസ്ഥാനം. ചരിത്രം അ‌ടയാളപ്പെടുത്തിയ പലഘ‌‌ട്ടങ്ങളിലും മഹാരഥന്മാരുടെ കഴുത്തിലണിഞ്ഞത് മമ്മദിക്ക കോര്‍ത്തെടുത്ത മാലകളായിരുന്നു. 

നൂറണി കൊണ്ടുകുളം ഗ്രാമത്തിലെ മമ്മദിന്റെ പേരില്ലാക്കടയില്‍ നിന്ന് പേരെടുത്ത പലരും നിറയെ പൂവാങ്ങിയിട്ടുണ്ട്. ക്ഷേത്രങ്ങളിലേക്ക് പൂ സമര്‍പ്പിക്കുമ്പോള്‍ അവിടെ ജാതിമത ചിന്തകളും അപ്രസക്തം. തൊഴിലെടുത്ത് മാതൃക തീര്‍ക്കുന്ന ഈ സ്നേഹനിധി നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനാണ്. ഇനിയുമേറെ സൂര്യാസ്തമയങ്ങള്‍ കണ്ട് പൂക്കളെ സ്നേഹിച്ച് നിറചിരിയുമായി മുന്നില്‍ നില്‍ക്കുന്ന മമ്മദിക്ക പ്രായമായെന്നുപറഞ്ഞ് മടിപിടിക്കുന്നവര്‍ക്ക് മറുമരുന്നാണ്

ENGLISH SUMMARY:

At the age of 103, Mammadikka continues to support himself by selling flowers, without seeking assistance from anyone. He stands as an inspiration to society with his resilience and self-reliance.