‘മന്‍ കി ബാത്ത്’ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ച സുബ്രഹ്മണ്യന്‍ കോഴിക്കോട്ടുണ്ട്. 58 വര്‍ഷമായി കസേര നന്നാക്കുന്ന ഒളവണ്ണ തൊണ്ടിലക്കടവ് സുബ്രഹ്മണ്യന്‍, ‘ആര്‍.ആര്‍.ആര്‍ ചാംപ്യന്‍’ എന്ന പ്രധാനമന്ത്രിയുടെ വിശേഷണത്തെ തന്‍റെ അനുഭവസമ്പത്തിനുള്ള അംഗീകാരമായാണ് കാണുന്നത്.
74ാം വയസിലും ആ വിരലുകള്‍ വള്ളിക്കസേരയിലെ ഇഴകളിലൂടെ ഒരു താളത്തിലങ്ങനെ നീങ്ങുകയാണ്. ആറുപതിറ്റാണ്ട് കൊണ്ട് നന്നാക്കിയത് 23,000 കസേരകള്‍. ഈ പരിചയസമ്പത്താണ് ഏറ്റവുംവലിയ കൈമുതല്‍. അതിനുകിട്ടിയ പ്രധാനമന്ത്രിയുടെ പ്രശംസ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണന്ന് സുബ്രമഹ്ണ്യന്‍.
Also read : സിപിഎം ദേശത്തിന്‍റെയും ആര്‍എസ്എസ് ദേശത്തിന്‍റെയും കുടമാറ്റം; പൂരം കലക്കലില്‍ വേറിട്ട പ്രതിഷേധം
‘മന്‍ കി ബാത്തി’ന്‍റെ 114–ാം എപ്പിസോഡില്‍ റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍ (പുനരുപയോഗ സന്ദേശം) പ്രാവര്‍ത്തികമാക്കിയവരെക്കുറിച്ച് പറയുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ മനസ് നിറഞ്ഞുള്ള പ്രശംസ. കോഴിക്കോട് സിവില്‍ സ്റ്റേഷനിലും സര്‍ക്കാര്‍ ഓഫീസുകളിലും സുബ്രഹ്മണ്യന്‍റെ കൈ തൊടാത്ത കസേരകള്‍ ഉണ്ടാവില്ല. കേടായ കസേരകളൊക്കെ വീണ്ടും പുതുപുത്തനാക്കി നല്‍കും സുബ്രഹ്മണ്യന്‍.
‘മകന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് ജോലി നിര്‍ത്താന്‍. എന്‍റെ ആരോഗ്യത്തിന് ജോലിക്കുപോകുന്നതാണ് ഇഷ്ടം.’ അതുകോണ്ട് മടുപ്പ് തോന്നിയിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ മനോരമന്യൂസിനോട് പറഞ്ഞു.