എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെതിരെ നടപടിയുണ്ടായ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കെ.ടി ജലീല്‍ എം.എല്‍.എ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവച്ചു. ബോള്‍ വന്നിടിച്ച് തെറിക്കുന്ന സ്റ്റമ്പിന്‍റെ ചിത്രത്തിനൊപ്പം ‘അവസാന വിക്കറ്റും വീണു. അരങ്ങത്തുനിന്ന് അടുക്കളയിലേക്ക്’ എന്ന അടിക്കുറിപ്പുള്ള പോസ്റ്റായിരുന്നു അത്. പിന്നാലെ അതെന്താ അടുക്കള അത്ര മോശമിടമാണോ എന്നടക്കമുള്ള ചോദ്യവുമായി കമന്‍റിലും സ്റ്റാറ്റസുകളിലും ട്രോളുകളിലുമെല്ലാം ജലീലിന്‍റെ പോസ്റ്റ് നിറഞ്ഞുനില്‍ക്കുകയാണ്.

പോസ്റ്റിനു താഴെ പി.വി അന്‍വറിനേയും മുഖ്യമന്ത്രി പിണറായി വിജയനെയും പിന്തുണച്ചുകൊണ്ടുള്ള കമന്‍റുകളാണ് ഏറേയും. ‘ബോൾ എറിഞ്ഞവന്‍റെ പേര് പി.വി അൻവർ’ എന്നാണ് വിക്കറ്റ് പോസ്റ്റിന് ജലീലിന് പലരും നല്‍കിയിരിക്കുന്ന മറുപടി. ‘വിക്കറ്റ് ഒന്നും വീണില്ല, പിച്ച് ഒന്ന് മാറ്റി കൊടുത്തു, അത്രയെ ഉള്ളൂ സഖാവെ. ഇതാണ് നടപടി എങ്കിൽ അത് നേരത്തെ തന്നെ ആവാമായിരുന്നു. എങ്കിൽ ഇത്രയും പ്രശ്നം വഷളാവുമായിരുന്നോ?’ എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. 

‘ജലീൽ അടുത്ത മന്ത്രിയാകാൻ സാധ്യതയുണ്ട് അതിന്‍റെ എല്ലാ സ്വഭാവവും കാണിക്കുന്നുണ്ട്’ എന്നാണ് മറ്റൊരാളുടെ കമന്‍റ്. എ.ഡി.ജി.പിക്കെതിരായ നടപടിയെ ചൂണ്ടിക്കാട്ടി ‘ഒരു കുട്ടിയെ 10 A യിൽ നിന്ന് 10 B യിൽ കൊണ്ടിരുത്തിയ പോലെ.... അത്ര മതി കൂടുതൽ ഡെക്കാറേഷൻ ഒന്നും വേണ്ട...’ എന്നും കമന്‍റുകളുണ്ട്. 

ഇന്നലെയാണ് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെതിരെ നടപടിയുണ്ടായത്. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. ബെറ്റാലിയൻ എ.ഡി.ജി.പിയായാണ് മാറ്റം. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരായ നടപടി. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല. അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം പരാമർശമുണ്ടായിരുന്നു. 

ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തള്ളിയിരുന്നു. ഡി.ജി.പി കൈമാറിയ റിപ്പോര്‍ട്ടില്‍ പി.വി.അന്‍വറിന്‍റ ഭൂരിഭാഗം ആരോപണങ്ങളും തെളിവില്ലെന്ന് കണ്ട് തള്ളി. പക്ഷേ ആര്‍.എസ്.എസ് കൂടിക്കാഴ്ച സ്വകാര്യ സന്ദര്‍ശനമെന്ന എ.ഡി.ജി.പിയുടെ വിശദീകരണം തള്ളുകയും കൂടിക്കാഴ്ചയുടെ കാരണത്തില്‍ ഡി.ജി.പി സംശയം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് അജിത്തിന്‍റെ പടിയിറക്കത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങിയത്. എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതിന്‍റെ കാരണം പക്ഷേ മുഖ്യമന്ത്രി പറഞ്ഞില്ല. സ്ഥലംമാറ്റം മാത്രമെന്നായിരുന്നു വാര്‍ത്താക്കുറിപ്പ്. 

ENGLISH SUMMARY: