കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ എ.ഡി.എം നവീൻ ബാബുവിനെക്കുറിച്ചുള്ള ഓർമക്കുറിപ്പ് പങ്കുവച്ച് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ദിവ്യ എസ്.അയ്യർ. പത്തനംതിട്ടയിൽ സേവമനുഷ്ഠിച്ചിരുന്ന കാലത്ത് തഹസിൽദാർ എന്ന നിലയിൽ നവീന്റെ പ്രവർത്തനം എന്നും തങ്ങൾക്ക് ബലമായിരുന്നുവെന്ന് ദിവ്യ കുറിച്ചു. നവീനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് ഇൻസ്റ്റഗ്രാമിലെ കുറിപ്പ്. ഏതു പാതിരാത്രിയും കർമനിരതനായിരുന്നുവെന്നും അമ്മയെ ഏറെ ആദരിച്ചിരുന്ന മകനായിരുന്നു നവീനെന്നും കുറിപ്പിലുണ്ട്. Also Read : എഡിഎമ്മിന്‍റെ മരണം; റവന്യു ജീവനക്കാര്‍ കൂട്ടഅവധിയിലേക്ക്
കുറിപ്പിന്റെ പൂര്‍ണരൂപം:
വിശ്വസിക്കാനാകുന്നില്ല നവീനേ!
പത്തനംതിട്ടയിൽ എന്റെ തഹസീൽദാരായി റാന്നിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകർത്തിയ ഈ ചിത്രത്തിൽ നിങ്ങൾ ആദരണീനായ റവന്യു മന്ത്രി കെ രാജൻ, റാന്നി എം എൽ എ പ്രമോദ് നാരായണൻ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തിൽ വലതു വശം എന്റെ പുറകെ ഇളം പച്ച ഷർട്ട് ഇട്ടു മാസ്ക് അണിഞ്ഞു നവീൻ നിൽപ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകിൽ പിങ്ക് ഷർട്ടും മാസ്കും അണിഞ്ഞു നവീൻ നിൽക്കുമ്പോൾ റവന്യു മന്ത്രി വിസിറ്റഴ്‌സ് നോട്ട് ഇൽ അഭിനന്ദനക്കുറിപ്പ് എഴുതുന്നു.
എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു തഹസീൽദാർ എന്ന നിലയിൽ റാന്നിയിൽ നവീന്റെ പ്രവർത്തനം. ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കർമ്മനിരതനായി, ഈ ചിത്രങ്ങളിൽ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീൻ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവർത്തകൻ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോർക്കുമ്പോൾ... 😢
അമ്മ മരണപ്പെട്ട തരുണത്തിൽ ഞാൻ നവീന്റെ വീട്ടിൽ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകൻ ആയിരുന്നു നവീൻ എന്നു അന്നു ഞാൻ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല. ദുഃഖം പേറുവാൻ ഞങ്ങളും ഒപ്പമുണ്ട്.
കുറിപ്പിനു താഴെ നവീന്‍ബാബുവിനെ പിന്തുണച്ചും കുടുംബത്തെ ആശ്വസിപ്പിച്ചും നിരവധി കമന്റുകള്‍ നിറയുന്നുണ്ട് . അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും ഈ വേദനയില്‍ നിന്നും കരകയറാന്‍ സാധിക്കട്ടേയെന്നാണ് എല്ലാവരുടെയും പ്രാര്‍ത്ഥന.