തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രപരിസരത്ത് ചിക്കൻ ബിരിയാണി സൽക്കാരം നടത്തിയതിൽ ഉചിതമായ നടപടി വേണമെന്ന് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കാണ് ദേവസ്വം ബെഞ്ചിന്റെ നിർദേശം. ഇത്തരം സംഭവങ്ങൾ അനുവദിക്കാനാകില്ലെന്നും വീണ്ടും ആവർത്തിക്കാതിരിക്കാൻ ക്ഷേത്രം ഭരണ സമിതി ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഭക്തർ നൽകിയ ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്.
ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ജീവനക്കാരന്റെ മകന് ജോലി കിട്ടിയതിന്റെ പേരിൽ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തിലെ ഡൈനിങ് റൂമിലാണ് ബിരിയാണി വിളമ്പിയത്. ഓഫീസറുടെ നേതൃത്വത്തിലായിരുന്നു ബിരിയാണി വിതരണം നടത്തിയത്. ചിക്കൻ ബിരിയാണി വിതരണം ചെയ്യുന്നതിന്റെ ഫോട്ടോകളടക്കം പങ്കുവെച്ചായിരുന്നു പരാതി.