പത്തുമാസമായി നടത്തുന്ന പരിശ്രമം വിജയിച്ചതിന്‍റെ സന്തോഷത്തിലാണ് കാസർകോട് പുല്ലൂരിലെ നിരഞ്ജനെന്ന പത്താം ക്ലാസുകാരൻ. പഴയ വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങൾ ശേഖരിച്ച് മറ്റൊരു വാഹനം നിർമിച്ചിരിക്കുകയാണ് നിരഞ്ജൻ. ചെറുവത്തൂർ ടെക്നിക്കൽ സ്കൂളിലെ വിദ്യാർഥിയാണ്.
പൾസർ ബൈക്കിന്‍റെ എൻജിൻ, കാറിന്‍റെ സ്റ്റിയറിംഗ്, ബൈക്കിന്റെ പെട്രോൾ ടാങ്ക്, ഓട്ടോറിക്ഷയുടെയും സ്കൂട്ടറിന്റെയും ടയറുകൾ. ഒടുവിൽ നാല് ചക്രങ്ങളിൽ നിരഞ്ജന്‍റെ വാഹനം റോഡിലിറങ്ങി
പഴയ വാഹനങ്ങളുടെ ഭാഗങ്ങൾ വിൽക്കുന്ന കടകളിൽ നിന്നാണ് യന്ത്ര ഭാഗങ്ങൾ സംഘടിപ്പിച്ചത്. ഇവ നാട്ടുകാരൻ നവനീതിന്‍റെ വെൽഡിങ് കടയിൽ എത്തിച്ചു. വാഹനത്തിന്റെ രൂപരേഖയുമായി വന്ന നിരഞ്ജന് നവനീത് വെൽഡിങ് ഉപകരണങ്ങൾ നൽകി.
മകന്‍റെ ആഗ്രഹത്തിന് അച്ഛന്റെയും അമ്മയുടെയും കട്ട സപ്പോർട്ട്. സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വാഹനവുമായി എല്ലാവരെയും ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് നിരഞ്ജൻ.