നഗരത്തിലെ മാലിന്യങ്ങളെ എല്ലാം വഹിച്ച് കലങ്ങി കരഞ്ഞ് ഒഴുകുന്ന പുഴയ്ക്ക് ശാപമോഷമാവുകയാണ്. വൈകാതെ തന്നെ കല്ലായിപ്പുഴ ജീവന്‍ വീണ്ടെടുക്കും. പുഴയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കി ആഴംകൂട്ടുന്ന പ്രവ‍ര്‍ത്തി ആരംഭിച്ചു. ഒരു മാസത്തിനകം പുഴയില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന ചെളിയുടെ അളവെടുക്കും. അതിന് ശേഷം ആഴംകൂട്ടല്‍ നടപടികള്‍ തുടങ്ങും.

പുഴയിലെ മരത്തടികള്‍ കച്ചവടക്കാര്‍ നീക്കും. രണ്ടരമീറ്റര്‍ ആഴത്തില്‍ ചെളി നീക്കി പുഴയുടെ സ്വാഭാവിക ഒഴുക്ക് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.12 കോടി രൂപയാണ് കോഴിക്കോട് കോ‍ര്‍പറേഷന്‍ ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. പുഴയുടെ ആഴം കൂടുന്നതോടെ നഗരത്തിലെ വെള്ളകെട്ടിനും ഒരുപരിധിവരെ പരിഹാരമാകും. പുഴയിലേക്ക് വെള്ളം  എത്തിക്കുന്ന കനോലി കനാലും ശുച്ചീകരിക്കണമെന്നും ആവശ്യമുണ്ട്.

മൂന്ന് മാസം മുമ്പാണ് കേരളത്തിലെ ഏറ്റവും മലിനമായ നദി കല്ലായിപുഴയാണെന്ന് കേന്ദ്ര മലിനീകരണ ബോ‍ര്‍ഡിന്‍റെ റിപ്പോര്‍ട്ട് വന്നത്. പുഴ തന്‍റെ പ്രതാഭകാലത്തേക്ക് തിരിച്ചൊഴുകുന്നതോടെ നഷ്ടമായ മത്സ്യ സമ്പത്ത് അടക്കം തിരിച്ചുവന്ന് കോഴിക്കോടിന്‍റെ മണവാട്ടിയായി കല്ലായിപുഴ  ഒഴുകി തുടങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

ENGLISH SUMMARY:

The work of removing the accumulated waste from the Kallayi river and deepening it has begun.