കല്‍പാത്തി രഥോല്‍സവത്തിലെ അഞ്ചാം തിരുനാള്‍ ദേവരഥസംഗമത്തിന് സാക്ഷിയായി ആയിരങ്ങള്‍. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളും നിരവധി പ്രവര്‍ത്തകരും ചടങ്ങിനെത്തി. മറ്റന്നാള്‍ ( ബുധന്‍ ) ഒന്നാം തേരും. വെള്ളിയാഴ്ച ദേവരഥ സംഗമവും കല്‍പാത്തിയുടെ പെരുമയറിക്കുന്ന കാഴ്ചയാവും. 

രഥോത്സവത്തിനു കൊടിയേറി അഞ്ചാം തിരുനാളിൽ അർധരാത്രിയുള്ള ദേവരഥ സംഗമം കണ്ടു തൊഴുന്നത് ശ്രേഷ്ഠവും പുണ്യവുമെന്നാണ് വിശ്വാസം. ദേവകൾ ഭക്തരുടെ സാരഥ്യത്തിൽ പല്ലക്കിൽ എത്തിയാണു പുതിയ കൽപാത്തി ഗ്രാമത്തിൽ സംഗമിച്ചത്. ദേവരഥ സംഗമത്തിനായി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയെ പുതിയ കൽപാത്തി ഗ്രാമത്തിലേക്ക് എഴുന്നള്ളിച്ചു. ഒപ്പം ഗണപതിയും എഴുന്നള്ളി. ഗോരഥത്തിൽ സുബ്രഹ്മണ്യസ്വാമിയും എത്തി. ചാത്തപുരം പ്രസന്ന മഹാഗണപതി മൂഷിക വാഹനത്തിലും പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ശേഷശയന അലങ്കാരത്തോടെയും പുതിയ കൽപാത്തി ഗ്രാമത്തിലെത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയുടെ ഇരുവശത്തുമായി നിലയുറപ്പിച്ചു.

Also Read; ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശബ്ദ പ്രചാരണം; കണക്കുകളില്‍ പ്രതീക്ഷയോടെ മുന്നണികള്‍

 രാത്രി പതിനൊന്നിനും പന്ത്രണ്ടിനുമിടയില്‍ മന്തക്കര മഹാഗണപതി കൂടി എത്തിയതോടെ അഞ്ചാം തിരുനാൾ ദേവരഥസംഗമമായി. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മൂന്ന് പ്രധാന മുന്നണി സ്ഥാനാര്‍ഥികളും കല്‍പാത്തിയിലെ ചടങ്ങിന് സാക്ഷിയായി. 

‘ജനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ അടുത്തവട്ടം എംഎല്‍എയായി കല്‍പാത്തിയിലെ രഥോല്‍സവത്തിന്റെ ഭാഗമാവാന്‍ കഴിയും. ഒത്തിരി ദൂരം യാത്ര ചെയ്തും ഉല്‍സവത്തിന്റെ ഭാഗമാവാന്‍ ശ്രമിക്കാറുണ്ടെന്ന്’ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.

‘തിരഞ്ഞെടുപ്പ് സമയത്ത് കല്‍പാത്തിയില്‍ ഉല്‍സവം വരുന്നത് മറ്റൊരു വൈബായി മാറിയിട്ടുണ്ട്. കല്‍പാത്തി ഉല്‍സവത്തിനൊപ്പം തിരഞ്ഞെടുപ്പ് ഉല്‍സവം കൂടി ആവേശത്തോടെ മുന്നേറുകയാണെന്ന്’ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി  പി.സരിന്‍.

‘തിരഞ്ഞെടുപ്പും കല്‍പാത്തി ഉല്‍സവവും ഒരുമിച്ച് വരുന്നത് ആദ്യമായിട്ടാണ്. എനിക്ക് കല്‍പാത്തിയെന്നാല്‍ ചെറുപ്പം മുതല്‍ ജീവിതത്തിന്റെ ഭാഗമാണെന്ന്’ എന്‍.ഡി.എ സ്ഥാനാര്‍ഥി‌ സി.കൃഷ്ണകുമാറും പറഞ്ഞു.

മറ്റന്നാളാണ് ഒന്നാം തേരുല്‍സവം ആഘോഷിക്കുന്നത്. പതിനായിരങ്ങള്‍ സാക്ഷിയാവുന്ന ദേവരഥസംഗമമെന്ന വിസ്മയം ഈമാസം പതിനഞ്ചിനാണ്.

ENGLISH SUMMARY:

Kalpathi Ratholsavam’s fifth day witnessed thousands gathering to see the grand convergence of temple chariots. In the backdrop of the Palakkad by-election, candidates and numerous party workers also attended the event.