nn-pili-drama

TOPICS COVERED

കോറസ് കലാസമിതി ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന 11-ാമത് എൻ.എൻ. പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം വ്യാഴാഴ്ചമുതൽ 22 വരെ മാണിയാട്ട് കെ. കുഞ്ഞിരാമൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നടൻ ജോജു ജോർജ് ഉദ്ഘാടനംചെയ്യും. മലയാള സിനിമയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം കലാഭവൻ ഷാജോണിനും മലയാള നാടകവേദിയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പയ്യന്നൂർ മുരളിക്കും നൽകും.

വ്യാഴാഴ്ച പയ്യന്നൂർ മുരളി പുരസ്കാരം ഏറ്റുവാങ്ങും. 22-ന് നടക്കുന്ന സമാപനച്ചടങ്ങിൽ കലാഭവൻ ഷാജോണും പുരസ്കാരം ഏറ്റുവാങ്ങും. വ്യാഴാഴ്ച വനിതാവേദിയുടെ സംഗീതശില്പത്തോടെ നാടകമത്സരത്തിന് തുടക്കമാകും. സമാപനദിവസം നാടകമത്സര വിജയികൾക്കുള്ള സമ്മാനവും സിനിമാരംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരവും മുൻ മന്ത്രി ഇ.പി. ജയരാജൻ സമ്മാനിക്കും. 22-ന് ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ സ്വഭാവനടനുള്ള പുരസ്കാരം നേടിയ നടൻ വിജയരാഘവന് മാണിയാട്ട് പൗരാവലിയുടെ സ്വീകരണം നൽകും.

എട്ട് മത്സര നാടകങ്ങളും എൻ.എൻ.പിള്ളയുടെ 'കണക്ക് ചെമ്പകരാമൻ' പ്രദർശനനാടകമായി കോറസ് കലാസമിതിയും അവതരിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് ഘോഷയാത്ര നടക്കും. ബുധനാഴ്ച വൈകീട്ട് വനിതാവേദിയുടെ നേതൃത്വത്തിൽ പലഹാര നിർമാണം നടക്കും. വ്യാഴാഴ്ച രാവിലെ തെക്കേക്കാട്ടുനിന്ന്‌ നാടകജ്യോതി പ്രയാണം ആരംഭിക്കും. 17-ന് വാസു ചോറോട്, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അനുസ്മരണം നടക്കും. 19-ന് 10 വർഷത്തെ നാടകാനുഭവങ്ങൾ പങ്കുവെക്കുന്ന പരിപാടി നടക്കും. 20-ന് വിഭവസമാഹരണം നടക്കും. സമാപനദിവസം 6,000 പേർക്ക് സമൂഹസദ്യ നൽകും. എല്ലാദിവസവും രാത്രി ഏഴിന് കളിവിളക്ക് കലാരംഗത്തെ പ്രഗത്ഭർ തെളിയിക്കും.

പത്രസമ്മേളനത്തിൽ സംഘാടകസമിതി രക്ഷാധികാരി ടി.വി. ബാലൻ, ചെയർമാൻ ഉദിനൂർ ബാലഗോപാലൻ, ജനറൽ കൺവീനർ കെ. റിലീഷ്, കൺവീനർ സി. രാജേഷ്, പ്രോഗ്രാം കമ്മറ്റി കൺവീനർ ഷിജോയ് മാണിയാട്ട്, സി. നാരായണൻ, രാഘവൻ മാണിയാട്ട്, റഫീഖ് ബൈത്താൻ, ഇ.വി. ദാമോദരൻ, കെ.വി. ശശി എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY:

N.N. Pillai Memorial Professional Drama Competition starts tomorrow