തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍ നേരിടാന്‍ ബവ്കോയിലെ വനിതാ ജീവനക്കാര്‍ക്കു സ്വയരക്ഷാ പരിശീലനം നല്‍കാന്‍ പൊലീസ്. എല്ലാ ജില്ലകളിലും ഡിസംബര്‍ ഒന്നിനു നടക്കുന്ന പരിശീലനക്ലാസില്‍ മുഴുവന്‍ വനിതാജീവനക്കാരും പങ്കെടുക്കണമെന്ന് ബവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി നിര്‍ദേശിച്ചു. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ ക്ലാസ് കണ്ടു മനസിലാക്കണമെന്നും നിര്‍ദേശമുണ്ട്. പരിശീലനക്ലാസ് ഞായറാഴ്ച ആയതിനാല്‍ രണ്ടു മാസത്തിനുള്ളില്‍ പകരം അവധിയെടുക്കാന്‍ അനുവദിക്കും.
മോശമായി പെരുമാറുന്നവരെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് നല്‍കുക. ബവ്കോ വില്‍പന ശാലകളില്‍ വനിതാ ജീവനക്കാര്‍ക്കു നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഏറ്റവും ഒടുവില്‍ എറണാകുളം പട്ടിമറ്റത്താണു വനിതാ ജീവനക്കാര്‍ക്കുനേരെ ആക്രമണമുണ്ടായത്. ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും , പ്രതികൂല സാഹചര്യങ്ങളെ നേരിടാനും വനിതകളെ പ്രാപ്തരാക്കുക കൂടിയാണ് ഈ പരിശീലന പദ്ധതിയിലൂടെ ലക്ഷ്യംവക്കുന്നത്.