ഏഴാംക്ലാസ് തുല്യതാ പരീക്ഷ ജയിച്ച സന്തോഷത്തില്‍ നടന്‍ ഇന്ദ്രന്‍സ്. ഫലമറിയുമ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കുകളിലായിരുന്നു താരം. 'പത്താംക്ലാസ് പരീക്ഷ ഇതുപോലെ എളുപ്പമല്ല. വല്യ പാടാ'ണെന്നും ഇന്ദ്രന്‍സ് പറയുന്നു. ഇംഗ്ലീഷും ഹിന്ദിയുമാണ് പേടി. കണക്കും സയന്‍സുമൊന്നും ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ഏഴാം ക്ലാസ് തുല്യത പരീക്ഷയില്‍ ഏറ്റവും എളുപ്പം മലയാളമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം വന്ന വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 500 ല്‍ 297 മാര്‍ക്ക് നേടിയാണ് ഇന്ദ്രന്‍സിന്‍റെ വിജയം. അട്ടക്കുളങ്ങര സ്കൂളിലായിരുന്നു താരം പരീക്ഷയെഴുതാനെത്തിയത്.

അല്‍പം പേടിയോടെയാണ് ഏഴാംക്ലാസ് പരീക്ഷയെഴുതാന്‍ പോയതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. നാലാംക്ലാസില്‍ പഠനം നിര്‍ത്തിയെന്ന് ഇന്ദ്രന്‍സ് പറയുന്നുണ്ടെങ്കിലും വായന മുടക്കിയിരുന്നില്ല. ഇനി പത്താംക്ലാസ് പരീക്ഷയെഴുതുകയാണ് താരത്തിന്‍റെ ലക്ഷ്യം. അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും എഴുതാന്‍ തന്നെയാണ് തീരുമാനം. പത്താംതരം തുല്യതാ പരീക്ഷയെഴുതിയാല്‍ ഇന്ദ്രന്‍സിനെ സാക്ഷരതാ മിഷന്‍റെ ബ്രാന്‍ഡ് അംബാസഡറാക്കുമെന്ന് ആലോചനകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. 

1043 പേര്‍ പരീക്ഷയെഴുതിയതില്‍ ഇന്ദ്രന്‍സ് ഉള്‍പ്പടെ 1007 പേര്‍ ഏഴാം ക്ലാസ് തുല്യതാ കോഴ്സില്‍ വിജയിച്ചു. ഇതില്‍ 396 പുരുഷന്‍മാരും 611 സ്ത്രീകളുമുണ്ട്. നാലാംക്ലാസ് തുല്യത പരീക്ഷയുടെയും ഫലം പുറത്തുവന്നിട്ടുണ്ട്. ആകെ റജിസ്റ്റര്‍ ചെയ്ത 970 പേരില്‍ 487 പേരാണ് നാലാംക്ലാസ് തുല്യതയ്ക്ക് പരീക്ഷയെഴുതിയത്. ഇതില്‍ പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പടെ 476 പേരാണ് ജയിച്ചത്. 

ENGLISH SUMMARY:

Actor Indrans clears class 4 equavalency examination.