ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പരിഹസിച്ച് സന്ദീപ് വാര്യര്‍ . സുരേന്ദ്രന് ഏത് സമയത്തും എയറിലാണെന്നും ബഹിരാകാശ നേതാവാണ് സുരേന്ദ്രനെന്നും സന്ദീപ് പറഞ്ഞു. ‘ഞാൻ പ്രാദേശിക നേതാവാണ്, പക്ഷേ സുരേന്ദ്രൻ ബഹിരാകാശ നേതാവാണ്, ഏത് സമയവും എയറിലാണല്ലോ'; സന്ദീപ് വാര്യർ പറയുന്നു.
അതേ സമയം സന്ദീപ് കോൺഗ്രസിൽ ചേർന്നശേഷം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതും മാനവസൗഹാർദത്തിന്റേതുമാണെന്നും അതിനു പിന്നിൽ കൊടപ്പനയ്ക്കൽ തറവാടിന്റെ പ്രയത്നം വളരെ വലുതാണെന്നും സന്ദീപ് വാരിയർ പറഞ്ഞു.
‘ഈ വീടിനു മുന്നിലൂടെ കടന്നുപോകുമ്പോൾ അദ്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ആർക്കും എപ്പോഴും സഹായം ചോദിച്ചുവരാവുന്ന വീടാണിത്. ഇനിയുള്ള പ്രയാണത്തിലും ഈ കുടുംബത്തിന്റെ സ്നേഹം ആവശ്യമാണ്. ഇത് എന്റെ ആദ്യ വരവാണ്. ഇനി എപ്പോഴും വരാനുള്ള സ്വാതന്ത്ര്യം കിട്ടിയെന്നാണു വിശ്വസിക്കുന്നത്’– സന്ദീപ് പറഞ്ഞു. ബിജെപിയിൽ ആയിരുന്നപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ മൂലം ഹൃദയവേദന ഉണ്ടായിട്ടുള്ളവരുണ്ട്. തങ്ങളുടെ അനുഗ്രഹം തേടിയുള്ള ഈ വരവ് അവരുടെ തെറ്റിദ്ധാരണകൾ മാറ്റട്ടെ എന്നും സന്ദീപ് പറഞ്ഞു.