മദ്യം വാങ്ങാനെത്തിയാല്‍ പണമടച്ച് വാങ്ങിപോണം. ബെവ്കോ ഔട്ട്ലെറ്റിലെത്തി അലമ്പുണ്ടാക്കിയാല്‍ പഴയ പോലെയാകില്ല കാര്യങ്ങള്‍. തിരിച്ച് നല്ല ഇടി കിട്ടും. ബെവ്‍റിജസില്‍ എത്തി അലമ്പുണ്ടാക്കുന്നവരെ ശരിയാക്കിവിടാന്‍ വനിതാ ജീവനക്കാരെ അടിയും ഇടിയും തടയുമെല്ലാം പഠിച്ചെടുക്കുകയാണ് കേരള പൊലീസ്. ജോലിക്കിടയിലും അല്ലാതെയുമുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനായാണ് ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ വനിത ജീവനക്കാര്‍ക്കും സ്വയംപ്രതിരോധ പരിശീലനം നല്‍കുന്നത്.
മുടിക്ക് പിടിച്ചാല്‍ മാത്രമല്ല, കയ്യില്‍ കയറി പിടിച്ചാലും കിട്ടും മൂക്കിന് നല്ല ഇടി. പതിനെട്ട് അടവും പഠിപ്പിച്ച് കൊടുക്കുന്നത് കേരള പൊലീസിലെ മിടുക്കികളാണ്. പഠിച്ചെടുക്കുന്നത് ബെവ്കോയിലെ മിടുക്കികളും. പുരുഷന്‍മാര്‍ മാത്രം ഭരിച്ചിരുന്ന ബെവ്റിജസ് കോര്‍പ്പറേഷന്റെ തലപ്പത്ത് ആദ്യമായെത്തിയ വനിത എം.ഡിയായ ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയാണ് തനിക്കൊപ്പമുള്ള വനിതകളെ പൊലീസിന്റെ പ്രതിരോധ മുറകള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചത്.
ബെവ്കോയില്‍ 40 ശതമാനം വനിത ജീവനക്കാരാണ്. ഔട്ട്ലെറ്റില്‍ ജോലിയുള്ളവര്‍ വീട്ടില്‍ പോകുമ്പോള്‍ രാത്രി പത്ത് മണിയാകും. ജോലിക്കിടയിലും രാത്രിയാത്രയിലുമൊക്കെ ആക്രമിക്കപ്പെടുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഡി.ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള വനിത പൊലീസ് സംഘമാണ് ഇന്ന് ഒറ്റ ദിവസംകൊണ്ട് പതിനാല് ജില്ലയിലും പരിശീലനം നല്‍കുന്നത്.
അതുകൊണ്ട് ഇനി മദ്യം വാങ്ങാന്‍ ചെല്ലുമ്പോള്‍ ബില്ലടിക്കാനും എടുത്തുതരാനുമൊക്കെ ഇരിക്കുന്ന സ്ത്രീകളോട് മാന്യമായി പെരുമാറുക. അലമ്പന്‍മാരെ നേരിടാനുള്ള സകല അടവും പഠിച്ചിട്ടാണ് അവര്‍ വരുന്നത്.