psc-differently-abled

പിഎസ്‍സി റാങ്ക് ലിസ്റ്റിലുണ്ടായിട്ടും ചുവപ്പുനാടയില്‍ കുടുങ്ങി അര്‍ഹതപ്പെട്ട ജോലി ലഭിക്കാതെ പോയ ഭിന്നശേഷിക്കാരിക്കു വേണ്ടിയുളള നിയമപോരാട്ടത്തിലാണ് ഒരമ്മ. മലപ്പുറം കാടാമ്പുഴയിലെ  കാഴ്ചയില്ലാത്ത സുഹറാബിക്ക് വേണ്ടി ഉമ്മ ആമിന എട്ടുവര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍  കയറി ഇറങ്ങുകയാണ്.   

മകള്‍ക്ക് അര്‍ഹതപ്പെട്ട ജോലി കിട്ടണം. ഈ ഉമ്മയ്ക്ക് അത്രമാത്രമേ പറയാനുള്ളു. ഉള്ളതെല്ലാം വിറ്റുപെറുക്കി പഠിപ്പിച്ചതാണ്. കാഴ്ചയില്ലാത്ത മകള്‍ സുഹറാബി ഉമ്മയുടെ കഷ്ടപ്പാട് മനസിലാക്കിത്തന്നെ പഠിച്ചു. എം ഫില്ലും കരസ്തമാക്കി. പി.എസ്.സി നടത്തിയ കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡില്‍ റിസര്‍ച്ച് അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള പരീക്ഷയുടെ റാങ്ക് ലിസ്റ്റിലും ഇടം പിടിച്ചു.  

വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷമാണ് ഈ തസ്തിക ഭിന്നശേഷിക്കാര്‍ക്കായി നിര്‍ണയിച്ചതെന്ന  വാദം നിരത്തിയാണ് സുഹറാബിയുടെ നിയമനം തടഞ്ഞത്. അന്ന് തുടങ്ങിയതാണ് ഉമ്മയുടെ നിയമ പോരാട്ടം.

 

കേരള പിഎസ്‍സിയുടെയും, നിയമ വകുപ്പിന്‍റെയും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പിഎസ്‍സിക്ക് സര്‍ക്കാര്‍ നല്‍കിയ പൊതു നിര്‍ദേശം റദ്ദാക്കണമെന്നും  സുഹറാബിയുടെ അപേക്ഷയില്‍ പുനഃപരിശോധന ആവശ്യമാണെന്നും കാണിച്ച്  സാമൂഹ്യനീതി വകുപ്പുമന്ത്രി ആര്‍ ബിന്ദു ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. അതില്‍ തീരുമാനമൊന്നും ഉണ്ടായില്ല.

ഇപ്പോള്‍ പിഎസ്‍സി വഴി ലഭിച്ച മറ്റൊരു തസ്തികയില്‍ ജോലി ചെയ്യുകയാണ് യുവതി. പരിമിതികള്‍ക്ക് നടുവില്‍ നിന്ന് മകള്‍ പോരാടി നേടിയെടുത്ത നേട്ടം നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ല ഈ ഉമ്മ. 

ENGLISH SUMMARY:

Mother fight for justice against denial of rightful job for disabled child.