വൃക്കരോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങുന്നതിനിടെയാണ് കാറിന്‍റെ രൂപത്തില്‍ വടകര സ്വദേശി ആല്‍വിനെ മരണം തട്ടിയെടുത്തത്. നാട്ടുകാര്‍ സഹായകമ്മിറ്റി രൂപവത്കരിച്ചായിരുന്നു പുതിയ ജീവിതത്തിനായുള്ള ചികിത്സാ ധനാസഹായം കണ്ടെത്തിയത്. തുടര്‍ ചികിത്സകള്‍ നടത്താനായി നാട്ടില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിത ദുരന്തം.
വ്യക്ക രോഗം തളര്‍ത്തിയപ്പോഴും പൊരുതിയാണ് ആല്‍വിന്‍ ജീവിതം തിരിച്ചുപിടിച്ചത്. മനകരുത്തില്‍ പുതിയ ജീവിതത്തിലേക്ക് ഏറെ പ്രതീക്ഷയോടെയെത്തിയപ്പോഴും കാറിന്‍റെ രൂപത്തില്‍ മരണം തേടിയെത്തി. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആല്‍വിന്‍റെ ഇരുവൃക്കകളും തകരാറിലായത്. ചികിത്സചെലവായ 45 ലക്ഷം രൂപ കുടുംബത്തിന് തങ്ങാനാവുന്നതിലും ഏറേയായിരുന്നു. സുമനസുകളുടെ സഹായമാണ് ഇരുട്ട് കയറിയ ജീവിതത്തിലേക്ക് പ്രകാശം തിരികെ എത്തിച്ചത്.
സ്വപ്നങ്ങള്‍ ഏറേയായിരുന്നു. ആല്‍വിന്‍ ഫോട്ടോഗ്രാഫിയെ ജീവിന് തുല്യം സ്നേഹിച്ചിരുന്നു. അതിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്താനായാണ് വീഡിയോ ചിത്രീകരണത്തിനായെത്തിയത്. അതു പക്ഷേ ജീവിതാവസാനത്തിലേക്കാണ് എത്തിയത്. രോഗമുക്തി നേടി അമ്മയ്ക്കും അച്ഛനും തണലാവാന്‍ വിദേശത്ത് തൊഴില്‍ ചെയ്തു വരുമ്പോഴാണ് ചികിത്സയുടെ ഭാഗമായി നാട്ടിലേക്ക് തിരികെ എത്തിയത്. ജോലി സ്ഥലത്തേക്ക് മടങ്ങാനിരിക്കെയാണ് ഭൂമിയില്‍ നിന്ന് തന്നെയുള്ള മടക്കം...