കൃഷിയില്‍ മെച്ചമില്ലെന്നും അടുത്തതവണ തരിശിടാനുമാണ് തീരുമാനമെന്ന് പറയുന്നവര്‍ ഏറുമ്പോഴാണ് എട്ട് മാസം കൊണ്ട് പച്ചക്കറി കൃഷിയിലൂടെ ഒരു കോടി രൂപയുടെ വരുമാനം നേടിയ കര്‍ഷകന്‍റെ വിജയഗാഥ. പലര്‍ക്കും ആശ്ഛര്യം തോന്നാമെങ്കിലും പാലക്കാട് എലവഞ്ചേരിയിലെ ശിവദാസെന്ന കര്‍ഷകന്‍ ഈ നേട്ടം സ്വന്തമാക്കിയതിന് പിന്നില്‍ ഏറെ നാളത്തെ വിയര്‍പ്പുണ്ട്.
മണ്ണറിയണം. മണ്ണിനെ അറിയണം. വേരാഴ്ത്തുന്നയിടങ്ങളില്‍ നട്ട് നനച്ച് കുഞ്ഞുങ്ങളെ പരിപാലിക്കും പോലെ കൂടെക്കൂടണം. വിയര്‍പ്പൊഴുക്കിയാല്‍ നൂറുമേനിക്ക് സമം മണ്ണ് നല്‍കുമെന്ന കാര്യം നിശ്ചയം. നെല്ലിയാമ്പതി മലനിരകള്‍ക്ക് താഴെ പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന പച്ചക്കറിത്തോട്ടം. ഹരിതഭംഗി നിറയ്ക്കുന്ന കളങ്ങളില്‍ പടവലവും, പാവലും, മത്തനുമെല്ലാം വേണ്ടുവോളം. അങ്ങനെ നനച്ച് പരിപാലിച്ചപ്പോള്‍ പതിനെട്ടേക്കറില്‍ മികച്ച പച്ചക്കറിവിളവ്. എട്ട് മാസം കൊണ്ട് ഒരു കോടിയിലേറെ രൂപയുടെ വിറ്റുവരവുണ്ടാക്കിയ ശിവദാസിനെപ്പോലെ മറ്റൊരു പച്ചക്കറി കര്‍ഷകന്‍ അപൂര്‍മാവും. പാട്ടത്തിനെടുത്തും, സ്വന്തം മണ്ണിലും അധ്വാനിച്ച് നേടിയതിന് പിന്നിലെ പരിശ്രമം ചില്ലറയല്ല.
പതിനഞ്ചാം വയസില്‍ തുടങ്ങി മുപ്പത്തി ഏഴ് വര്‍ഷം പിന്നിടുന്ന കാര്‍ഷികവൃത്തിയില്‍ കരുത്ത് കൂട്ടുന്നത് വി.എഫ്.പി.സി.കെ വിപണിയും കൃഷിവകുപ്പിന്‍റെ നിര്‍ദേശങ്ങളുമാണ്. കാല ദേശ വ്യത്യാസമില്ലാതെ മികവൂറുന്ന പച്ചക്കറി പതിനാല് ജില്ലകളിലെയും വിപണിയിലെത്തിക്കാന്‍ വിതരണക്കാരുടെ മല്‍സരമാണ്.