അഷ്ടമുടിക്കായലില്‍ കക്ക കുറയുന്നതിന് പരിഹാരമായി കൃത്രിമമായി ഉൽപാദിപ്പിച്ച കക്കയുടെ വിത്തുകള്‍ കായലിൽ നിക്ഷേപിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രമാണ് മുപ്പതു ലക്ഷം കക്ക വിത്തുകള്‍ അഷ്ടമുടിക്കായലില്‍ ഒഴുക്കിയത്.

അഷ്ടമുടികായലില്‍ പൂവൻകക്ക എന്ന് വിളിക്കുന്ന കക്ക ഗണ്യമായി കുറഞ്ഞു. ഇതിന് പരിഹാരമായാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിന്‍റെ വിഴിഞ്ഞം ഹാച്ചറി ഉല്‍പ്പാദിപ്പിച്ച മുപ്പതു ലക്ഷം കക്ക വിത്തുകള്‍ കായലില്‍ നിക്ഷേപിച്ചത്. കൃത്രിമമായി സാങ്കേതികവിദ്യയിലൂടെ ഉൽപാദിപ്പിച്ച വിത്തുകളാണിത്. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന ബ്ലൂ ഗ്രോത്ത് പദ്ധതിയുടെ ഭാഗമായാണ് നടപ്പാക്കിയത്.

ബിഷപ്പ് തുരുത്ത്, വളം അൻസിൽ തുരുത്ത് എന്നിവിടങ്ങിലാണ് വിത്തുകൾ ഒഴുക്കിയത്. അഷ്ടമുടിക്കായലില്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് വര്‍ഷം പതിനായിരം ടൺ വരെ ഉണ്ടായിരുന്ന കക്കയുടെ ഉല്‍പ്പാദനം അടുത്തിടെ ആയിരം ടണ്ണിൽ താഴെയായി കുറഞ്ഞെന്നാണ് പഠന റിപ്പോര്‍ട്ട്. പരിസ്ഥിതി മലിനീകരണമാണ് കക്ക കുറയുന്നിന് കാരണം. 

കക്കയുടെ ഉല്‍പ്പാദനം കൂടിയാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് നേട്ടമാകും. വിദേശ കയറ്റുമതി വ്യാപാരത്തില്‍ ഉള്‍പ്പെടുന്നതാണ് അഷ്ടമുടി കക്ക. ​ഒരു വർഷത്തെ  ഗവേഷണത്തിലൂടെയാണ് കക്കയുടെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചതെന്ന് സിഎംഎഫ്ആർഐ ശാസ്ത്രജ്ഞര്‍ അറിയിച്ചു. 

ENGLISH SUMMARY:

As a solution to the declining clam population in Ashtamudi Lake, artificially produced clam seeds were released into the lake. The Central Marine Fisheries Research Institute deposited 3 million clam seeds in Ashtamudi Lake.